ധാരാവിയിൽ കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ തന്നെ ആശങ്കയിലാഴ്ത്തുന്ന വാർത്തയാണ് വന്നിരിക്കുന്നത്. ഇന്ന് 2 പേർക്കു കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 2 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബലിഗ നഗറിൽ 80 വയസ്സുകാരനും 49 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ധാരാവിയിൽ ആകെ രോഗബാധിതരുടെ എണ്ണം ഏഴായി. മഹാരാഷ്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ ബാന്ദ്രയിലെ മാതോശ്രീക്കു സമീപം ചായക്കടക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവിയില്‍ ലക്ഷക്കണക്കിനാളുകളാണ് തിങ്ങിപാര്‍ക്കുന്നത്.
ചെറിയ മുറികളില്‍ പോലും പത്തുമുതല്‍ 12 പേര്‍ വരെയാണ് താമസിക്കുന്നത്. പൊതുശുചിമുറി കുറഞ്ഞത് നൂറോളം പേര്‍ ഉപയോഗിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗവ്യാപന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം എങ്ങനെ നടപ്പാക്കുമെന്ന നിസ്സഹായതയിലാണ് ഈ ചേരിക്കാര്‍.
ഏപ്രില്‍ 1നാണ് ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച ആദ്യത്തെയാള്‍ മരിക്കുന്നത്. തുണിക്കടയുടമയായ ഇയാള്‍ ഭാര്യയ്ക്കും ആറു മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും കോവിഡ് നെഗറ്റീവ് ആണെന്നു തെളിഞ്ഞിട്ടുണ്ട്. പക്ഷേ, ഇയാളുടെ മരണത്തിന്റെ പിറ്റേ ദിവസം 52കാരനായ ശുചീകരണ തൊഴിലാളിയും 33കാരനായ ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ യാത്രാവഴികളും സമ്പര്‍ക്കപ്പട്ടികയും തയാറാക്കി അധികൃതര്‍ പരിശോധന നടത്തുകയാണ്.
ധാരാവിയെക്കുറിച്ചു ആശങ്ക ഉടലെടുത്തപ്പോള്‍ത്തന്നെ പ്രദേശം മുഴുവന്‍ ക്വാറന്റീന്‍ ചെയ്യുന്ന നടപടികളുമായി ഭരണകൂടം ഇറങ്ങിയിരുന്നു. നഗരഹൃദയത്തില്‍ 10 ലക്ഷത്തിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിമേഖലയില്‍ സമൂഹ വ്യാപനം പ്രതിരോധിക്കാന്‍ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും പല ഷിഫ്റ്റുകളിലായി ഇവിടെ കേന്ദ്രീകരിക്കുന്നു. ധാരാവിയില്‍ സമൂഹവ്യാപനം ഉണ്ടായാല്‍ മുംബൈയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സര്‍ക്കാരും.
