ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 77 ആയി. മഹാരാഷ്ട്രയിലാണു കൂടുതൽ പേർ മരിച്ചത്. 24 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്. ഇതുവരെ രാജ്യത്ത് 3,374 പേർക്കു രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മുംബൈ ധാരാവിയിൽ ഇതുവരെ അഞ്ച് പേർക്കാണ് കോവിഡ് 19സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 601 കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനവാണിത്. 212 പേർ രോഗവിമുക്തരായി. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരിൽ 30 ശതമാനവും (1023 പേർ) കഴിഞ്ഞമാസം ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
ഇതിനിടെ, ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലുള്ള സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാരടക്കം എട്ടു പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച മലയാളികളില്‍ ഒരാള്‍ എട്ടുമാസം ഗര്‍ഭിണിയാണ്. ഇവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നും പരാതിയുണ്ട്.
