ദൈവത്തിന് സമര്‍പ്പിച്ച തിരുവാഭരണത്തില്‍ പന്തളം രാജകുടുംബത്തിന് എന്ത് അവകാശമെന്ന് സുപ്രീം കോടതി; തിരുവാഭരണം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളുടെ സംരക്ഷണയില്‍ ആശങ്ക പ്രകടിപ്പി സുപ്രീം കോടതി. പതിറ്റാണ്ടുകളായി പന്തളം കൊട്ടാരം സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ സര്‍ക്കാര്‍ ചുമതലയിലേയ്ക്ക് ഇതോടെ മാറുകയാണ്.

ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോയെന്ന് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പന്തളം കൊട്ടാരത്തില്‍ തര്‍ക്കം രൂക്ഷമാണെന്നും സംസ്ഥാന സര്‍ക്കാരിന് തിരുവാഭരണങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു. തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചു.

2010ല്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞതവണ ശബരിമലയ്ക്കായി പ്രത്യേക നിയമം വേണമെന്ന് സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചത്.

ഇതിനിടെയാണ് പന്തളം രാജകുടുംബത്തിലെ തര്‍ക്കം രൂക്ഷമാകുന്നത്. പന്തളം രാജകുടുംബത്തിലെ പി. രാമവര്‍മ രാജയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജിയില്‍ കക്ഷിചേരാന്‍ രാജരാജ വര്‍മ ഉള്‍പ്പെടെയുള്ള 12 പേര്‍ അപേക്ഷ നല്‍കി. ഇവരാണ് പന്തളം രാജകുടുംബത്തിന്റെ കൈവശമുള്ള തിരുവാഭരണം സുരക്ഷിതമല്ലായെന്ന പരാമര്‍ശം കോടതിയില്‍ ബോധിപ്പിച്ചത്.

നിലവിലെ കൊട്ടാരം നിര്‍വാഹസമിതി പ്രസിഡന്റും സെക്രട്ടറിയും പന്തളം രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നില്ലെന്നും ഇവരുടെ കസ്റ്റഡിയിലാണ് തിരുവാഭരണവും മറ്റ് കാര്യങ്ങളെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇതേതുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ തിരുവാഭരണം എങ്ങനെ പന്തളം രാജകുടുംബത്തിന്റെ കൈവശം സുരക്ഷിതമായിരിക്കുമെന്ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.

തിരുവാഭരണം അയ്യപ്പന്റെ ആഭരണമല്ലെ, അത് മടക്കി നല്‍കിക്കൂടെയെന്നും ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. ഇതിന് ശേഷമാണ് പന്തളം രാജകുടുംബത്തില്‍ തിരുവാഭരണം സുരക്ഷിതമായിരിക്കുമോയെന്ന് വെള്ളിയാഴ്ച അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് ഒരുഘട്ടത്തില്‍ ജസ്റ്റിസ് എന്‍.വി. രമണ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകനോട് ആരാഞ്ഞു. ദേവസ്വം മാന്വല്‍ പ്രകാരം അയ്യപ്പന്റെ ആഭരണങ്ങളും മറ്റും സൂക്ഷിക്കേണ്ടത് സംസ്ഥാന ട്രഷറിയിലാണെന്ന് സീനിയര്‍ അഭിഭാഷകനായ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ തനിക്ക് കോടതിയെ നിലപാടറിയിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്നാണ് വെള്ളിയാഴ്ചവരെ കോടതി സമയം നല്‍കിയത്. വെള്ളിയാഴ്ച അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.

തിരുവാഭരണം പന്തളം രാജകുടുംബത്തിന്റെ കൈവശം വെയ്ക്കുന്നത് സുരക്ഷിതമാണോ, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് അത് ഏറ്റെടുക്കാന്‍ സാധിക്കുമോ എന്നീ കാര്യങ്ങളിലാണ് വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിക്കേണ്ടത്. ഇതിന് ശേഷം വിഷയത്തില്‍ കോടതിയുടെ ഉത്തരവുണ്ടാകുമെന്നും ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

പന്തളം രാജ കുടുംബത്തിലെ വലിയകോയിക്കല്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുള്ള സ്‌ട്രോങ് റൂമില്‍ ആണ് നിലവില്‍ തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത്. സ്‌ട്രോങ് റൂമിന്റെ താക്കോല്‍ നിലവില്‍ പന്തളം കൊട്ടാര നിര്‍വാഹക സംഘം സെക്രട്ടറിയുടെയും, പ്രസിഡന്റിന്റെയും, ട്രഷററുടെയും പക്കല്‍ ആണ്. ഇവര്‍ മൂന്ന് പേരും കൊട്ടാരത്തിന്റെ ഒരു വിഭാഗം ആയ വലിയകോയിക്കലിന്റെ ഭാഗം ആണ്. കൊച്ചു കോയിക്കലിനെ പൂര്‍ണ്ണമായും ഒഴിവാക്കി തിരുവാഭരണം വലിയകോയിക്കലിന്റെ ഭാഗം ആക്കാന്‍ ഉള്ള നടപടി ആശങ്കപെടുത്തുന്നത് ആണെന്ന് കൊട്ടാരത്തിലെ അംഗങ്ങള്‍ ആയ രാജ രാജ വര്‍മ്മയും മറ്റ് പതിനൊന്ന് പേരും ഇന്ന് സുപ്രീം കോടതിയില്‍ ആരോപിച്ചു.

നിലവില്‍ രാജ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന തിരുവോണംനാള്‍ രാജ രാജ വര്‍മ്മയും, ചതയം നാള്‍ രാമ വര്‍മ്മയും അനാരോഗ്യം കാരണം കിടപ്പില്‍ ആണ്. അതിനാല്‍ സ്ട്രോങ്ങ് റൂമിന്റെ താക്കോല്‍ മകയിരം നാള്‍ രാഘ വര്‍മ്മയ്ക്കൊ, തിരുവോണം നാള്‍ രാമ വര്‍മ്മയ്‌ക്കോ കൈമാറണം എന്നായിരുന്നു ആവശ്യം. ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ ആണ് അധികാര തര്‍ക്കം രൂക്ഷമായ പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം എങ്ങനെ സുരക്ഷിതം ആയിരിക്കും എന്ന് കോടതി ആരാഞ്ഞത്.

അയ്യപ്പന്റെ ആഭരണം എന്തിന് പന്തളം കൊട്ടാരത്തില്‍ വയ്ക്കുന്നു എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ ട്രഷറിയില്‍ ആണ് തിരുവാഭരണം വയ്ക്കേണ്ടത് എന്നും എന്നാല്‍ ഹൈകോടതി വിധി കാരണം അതിന് സാധിക്കുന്നില്ല എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതം ആണോ എന്ന കാര്യത്തില്‍ സുപ്രീം കോടതി സംശയം രേഖപ്പെടുത്തി.

Vinkmag ad

Read Previous

ലൈംഗിക അതിക്രമ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം; കൃത്യമായ തെളിവുകളില്ലാതെ ആരെയും പ്രതിയക്കരുത്

Read Next

നടന്‍ വിജയ്ക്ക് പിന്തുണയുമായി എസ് എഫ് ഐ; സംഘപരിവാരത്തിന്റെ പ്രതികാരമെന്ന് മന്ത്രി ഇപി ജയരാജന്‍

Leave a Reply

Most Popular