ഹിന്ദുത്വ വാദത്തിൻ്റെ മുഖമുദ്രയാണ് ദേശീയവാദം. രാജ്യത്തെ അമ്മയാക്കി ചിത്രീകരിക്കുകയും ആ അമ്മ് കീജയ് വിളിക്കുകയും തങ്ങളുടെ എല്ലാ പ്രവർത്തികളും ഭാരത മാതാവിനായിട്ടാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ആർഎസ്എസിന് ഇപ്പോൾ വഴിമുട്ടുകയാണ്. ദേശീയത പഴയതുപോലെ സ്വീകാര്യത ലഭിക്കാത്ത വിഷയമായി മാറുന്നെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
രാജ്യതാത്പര്യം എന്നതിനെ സൂചിപ്പിക്കാനായി ദേശീയ വാദം എന്ന പദം ഉപയോഗിക്കുന്നതിൽ നിന്നും ആർഎസ്എസ് പിന്നാക്കം പോകുകയാണ്. ദേശീയ വാദം എന്ന പദം ഉപയോഗിക്കരുതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പ്രസ്താവിച്ചു. ജനങ്ങൾ ദേശീയവാദം എന്ന പദം ഉപയോഗിക്കുന്നത് അഡോൾഫ് ഹിറ്റ്ലറുടെ നാസിസത്തെ ഓർമപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റാഞ്ചിയിലെ മുഖർജി സർവകലാശാലയിൽ നടന്ന ആർ.എസ്.എസ് പരിപാടിയിൽ സംസാരിക്കവെ ആണ് ഭാഗവത് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ദേശീയവാദം എന്ന പദം ഉപയോഗിക്കരുത്. രാഷ്ട്രം അല്ലെങ്കിൽ ദേശീയത എന്നാണ് ഉപയോഗിക്കേണ്ടത്. ദേശീയവാദം എന്ന് ഉപയോഗിക്കുമ്പോൾ അത് ഹിറ്റ്ലറുടെ നാസിസത്തെ ഓർമിപ്പിക്കുന്നു.
മൗലികവാദം കാരണം രാജ്യത്തുടനീളം അശാന്തി നിലനിൽക്കുന്നുണ്ടെന്നും, രാജ്യത്തെ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പൗരത്വ നിയമത്തിലടക്കം രാജ്യ താത്പര്യം എന്ന രീതിയിൽ ദേശീയവാദം ഉയർത്തിയ ആർഎസ്എസിൻ്റെ നിലപാട് മാറ്റം രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. തുടരെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പ് പരാജയങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നടക്കം നേരിടുന്ന എതിർപ്പുകളുമാകാം ഇപ്പോഴത്തെ കളം മാറ്റത്തിന് പിന്നിലെന്നാണ് നിരീക്ഷകർ കരുതുന്നത്.
