ദലിത് സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ ക്വാറൻ്റൈനിൽ കഴിയുന്ന യുവാവ് വിസമ്മതിച്ചു. ഗ്രാമമുഖ്യൻ്റെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. നൈനിറ്റാളിലെ ഭുംക ഗ്രാമത്തിലെ ഗവ. പ്രൈമറി സ്കൂളിൽ പ്രവർത്തിക്കുന്ന ക്വാറന്റീൻ കേന്ദ്രത്തിലാണ് സംഭവം.
ദിനേശ് ചന്ദ്ര മിൽക്കാനി (23) എന്ന യുവാവാണ് ദലിത് സ്ത്രീയാണ് പാചകക്കാരിയെന്നതിനാൽ ഭക്ഷണം കഴിക്കാൻ വിസമ്മിച്ചത്. അവർ തൊട്ട ഗ്ലാസിൽനിന്നും വെള്ളം കുടിക്കാൻ പോലും ഇയാൾ തയാറാകാത്തത് ശ്രദ്ധയിൽപ്പെട്ട ഗ്രാമമുഖ്യൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ദിനേശിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസും റവന്യൂ അധികൃതരും കേസെടുത്തു.
ദിനേശും ബന്ധുവുമടക്കം അഞ്ച് പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഭവാനി ദേവി എന്ന സ്ത്രീയാണ് ഇവിടുത്തെ പാചകക്കാരി. ഇവർ ദലിത് സ്ത്രീ ആയതിനാൽ ഇവിടെ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാനോ പാചകക്കാരി നൽകുന്ന വെള്ളം കുടിക്കാനോ ഇയാൾ തയ്യാറായിരുന്നില്ല.
തനിക്കുള്ള ഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുവരുമെന്ന് ഇയാൾ വാശി പിടിച്ചു. ആദ്യം ഇത് കാര്യമാക്കിയില്ലെങ്കിലും താൻ സ്പർശിച്ച ഗ്ലാസിലെ വെള്ളം പോലും കുടിക്കാൻ യുവാവ് വിസമ്മതിച്ചതോടെ ഭവാനി ദേവി ഗ്രാമമുഖ്യനായ മുകേഷ് ചന്ദ്ര ബൗദ്ധിനെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹം അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
അതേസമയം, ദലിത് സ്ത്രീ പാകം ചെയ്തത് കൊണ്ടാണ് താൻ ഭക്ഷണം കഴിക്കാതിരുന്നതെന്ന ആരോപണം ദിനേശ് നിഷേധിച്ചു. താൻ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രമാണ് കഴിക്കാറുള്ളതെന്നാണ് ഇയാൾ പറയുന്നത്. മറ്റുള്ളവർ പാകം ചെയ്യുന്നത് കഴിക്കുന്നത് ഇഷ്ടമല്ല. ഇത് തന്റെ ശീലം കൊണ്ടാണെന്നും ഇതിൽ ജാതിവിവേചനമില്ലെന്നും യുവാവ് പറഞ്ഞു.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി നൈനിറ്റാൾ ജില്ലാ മജിസ്ട്രേറ്റ് സവിൻ ബൻസാൽ അറിയിച്ചു. അന്വേഷണത്തിൽ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
