ദലിത് ന്യൂനപക്ഷ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് പുതിയ കരുത്ത്; ചന്ദ്രശേഖര്‍ ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യപിച്ചു

ദളിത് പിന്നോക്ക ന്യൂനപക്ഷ രാഷ്ട്രീയത്തിന് രാജ്യത്ത് പുതിയ ഊര്‍ജ്ജം പകര്‍ന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടിയെന്നാണ് പാര്‍ട്ടിയുടെ പേര്. യുപിയില്‍ ദലിത് രാഷ്ട്രീയത്തിന് പുതിയ മാനം നല്‍കിയ ബിഎസ് പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ ഇന്നായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം.

കാന്‍ഷി റാം മുന്നോട്ട് വച്ച ദൗത്യം പൂര്‍ത്തിയാക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാനായി വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് പ്രഖ്യാപന സമ്മേളനത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

ഭീം ആര്‍മി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ബി എ എസ് എഫ്) എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ഭീം ആര്‍മി നേരത്തെ രൂപം നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീരണത്തിന് ശേഷം, സാമൂഹ്യ – സാംസ്‌കാരിക സംഘടനയായി ഭീം ആര്‍മി മാറുമെന്നും സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. ദളിത്, മുസ്ലിം, പിന്നാക്ക വിഭാഗക്കാരോട് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഭീം ആര്‍മി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി മത്സരിക്കും. ദളിത് വിഭാഗത്തിനൊപ്പം യുപിയിലെ മുസ്ലിം ജനവിഭാഗത്തിന്റെ ശക്തമായ പിന്തുണ ചന്ദ്രശേഖര്‍ ആസാദിന് ലഭിക്കുമെന്നാണ് കരുതുന്നത്. ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ആ സമയമാണ് സിഎഎ എന്ന ഭരണഘടന വിരുദ്ധ നിയമം നടപ്പാക്കിയത്. പൗരത്വ നിയമത്തിനെതിരെ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രധാനം എന്ന് ചന്ദ്രശേഖര്‍ ആസാദ് നേരത്തേ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം തന്റെ ആഗ്രഹമായിരുന്നില്ലെന്നും പക്ഷേ സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുകയായരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒബിസി വിഭാഗവും ദളിതുകളുമാണ് ബിജെപിയെ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ആസാദിനൊപ്പമാണ്. അദ്ദേഹം ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്ന നേതാവാണെന്നതും ഗുണകരമാണ്. ഇതെല്ലാം ബിജെപിയുടെയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ആസാദിന്റെ ദളിത്- മുസ്ലിം ഐക്യത്തെ നേരിടാന്‍ മികച്ച ഭരണമുണ്ടെങ്കില്‍ മാത്രമേ യോഗിക്ക് സാധിക്കൂ.

ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഡോ.ബി.ആര്‍.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചേദനം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കരുത്തുറ്റ ശക്തിയായി മാറിക്കഴിഞ്ഞു ആസാദും ഭീം ആര്‍മിയും.

കോളേജില്‍ കുടിവെള്ളത്തിനും വൃത്തിയുള്ള ബെഞ്ചുകള്‍ക്കും വേണ്ടി ദളിത് യുവാക്കള്‍ നേരിടേണ്ടിവന്ന വിവേചനത്തിന്റെ ഫലമായി പിറവികൊണ്ട പ്രസ്ഥാനമാണ് ആസാദിന്റെ ഭീം ആര്‍മി. എഎച്ച്പി കോളേജിലെ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിവെള്ളത്തിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതാണ് ഭീം ആര്‍മിയുടെ തുടക്കത്തിന് കാരണമായത്. ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിക്കുന്നതിന് മുമ്പേ വെള്ളം കുടിച്ചതിനാണ് ദളിത് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. ദളിത് വിദ്യാര്‍ത്ഥികള്‍ അപമാനിക്കപ്പെടുകയും ക്ലാസ് മുറിയില്‍ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന ബെഞ്ചുകള്‍ തുടയ്ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ പ്രശ്നത്തോടെയാണ് ഭീം സേന രൂപീകരിക്കപ്പെട്ടത്.

2017ല്‍ സഹരന്‍പൂരില്‍ ദളിതരും ഠാക്കൂര്‍മാരും തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഭീം ആര്‍മി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 മാസങ്ങള്‍ ആസാദ് ജയിലില്‍ കിടക്കേണ്ടി വന്നു. ജയില്‍വാസം ആസാദിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ദളിത് വിഭാഗങ്ങളില്‍ ആസാദ് കൂടുതല്‍ ജനകീയനായി.

1986 നവംബര്‍ ആറിന് ചുട്ട്മാല്‍പ്പൂരിലായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ ജനനം. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി വിരമിച്ച ഗോവര്‍ധന്‍ ദാസാണ് ആസാദിന്റെ പിതാവ്. രണ്ട് സഹോദരന്മാരാണ് ആസാദിനുള്ളത്. ലഖ്നൗ സര്‍വ്വകലാശാലയില്‍ നിന്നാണ് ആസാദ് നിയമബിരുദം നേടിയത്. പഠനകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആസാദ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സംഘടനയിലെ സവര്‍ണമേല്‍ക്കോയ്മയും ജാതീയമായ അടിച്ചമര്‍ത്തലുകളും ആസാദിനെ തിരുത്തിച്ചിന്തിപ്പിക്കുകയായിരുന്നു.

Vinkmag ad

Read Previous

ഇന്ധന നികുതി വർദ്ധനവിനെതിരെ സോഷ്യൽ മീഡിയ; മോദി സർക്കാരിനെതിരെ പ്രചാരണം

Read Next

റിയാലിറ്റി ഷോ താരം രജിത് കുമാറിന് സ്വീകരണം: താരത്തിനും കൂട്ടം കൂടിയവർക്കും എതിരെ കേസ്

Leave a Reply

Most Popular