ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ദലിത് കുഞ്ഞുങ്ങൾ പുല്ല് തിന്ന് വിശപ്പ് മാറ്റുന്നെന്ന വാർത്ത ചിത്രം സഹിതം പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടി. ജില്ലാ മജിസ്ട്രേറ്റ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകി.
തെറ്റിധാരണാജനകമായ വാർത്ത നൽകിയതിന് കാരണം കാണിക്കൽ നോട്ടീസാണ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച മറുപടി 24 മണിക്കൂറിനകം നൽകണമെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച നോട്ടീസിലുള്ളത്. സംസ്ഥാനത്ത് അഞ്ച് എഡിഷനുകളുള്ള ‘ജനസന്ദേശ് ടൈം’ ന്യൂസ് എഡിറ്റർ വിജയ് വിനീത്, റിപ്പോർട്ടർ മനീഷ് മിശ്ര എന്നിവരാണ് വാർത്ത പുറത്ത് കൊണ്ടുവന്നത്.
വാട്സാപ്പിലാണ് ആദ്യം നോട്ടീസ് കിട്ടിയതെന്ന് വിജയ് വിനീത് പറഞ്ഞു. പിന്നീട് പൊലീസ് നേരിട്ടെത്തി നോട്ടീസ് കൈമാറി. അന്വേഷണ സംഘം ഗ്രാമത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചെന്നും ഗോതമ്പ് പാടത്ത് വളരുന്ന കാട്ടുപയർ ആയ ‘അഖ്രി ദാൽ’ ആണ് കുട്ടികൾ കഴിച്ചതെന്ന് കണ്ടെത്തിയെന്നും ജില്ല മജിസ്ട്രേറ്റ് കുശാൽ രാജ് ശർമ്മ നോട്ടീസിൽ ചൂണ്ടിക്കാട്ടി. മനുഷ്യന് കഴിക്കാൻ കഴിയുന്നതാണ് ഇതെന്ന് തെളിയിക്കാൻ താൻ ‘അഖ്രി ദാൽ’ കഴിക്കുന്ന ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
എന്നാൽ, താൻ ബനാറസ് ഹിന്ദു സർവകലാശാലയിലെ കാർഷിക വിദഗ്ധരുമായി സംസാരിച്ചെന്നും ഇത് മനുഷ്യർക്ക് കഴിക്കാൻ യോഗ്യമല്ലെന്നായിരുന്നു മറുപടിയെന്നും വിജയ് വിനീത് ചൂണ്ടിക്കാട്ടി. കന്നുകാലികൾ പോലും ഇത് അമിത അളവിൽ കഴിച്ചാൽ വയറിന് അസുഖം ബാധിക്കുമെന്നാണ് ഉണ്ടാകുമെന്നാണ് വിദഗ്ധർ പറഞ്ഞത്.
