തോമസ് ഐസക്കിനെ ലക്ഷ്യമിട്ട് ജി സുധാകരന്‍;ധനകാര്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കും പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും തമ്മിലുള്ള തര്‍ക്കം പ്രസ്താവനാ യുദ്ധത്തിലേയ്ക്ക് നീങ്ങുന്നു. ഇരുമന്ത്രിമാരും തമ്മിലുള്ള തര്‍ക്കം പല പദ്ധതികള്‍ക്കും വിലങ്ങ് തടിയായതിനിടയിലാണ് പരോക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ രംഗത്തെത്തിയത്.

കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ല. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടും. ചെയ്യാനാകുന്ന പണി മാത്രം പൊതുമരാമത്ത് വകുപ്പ് എടുത്താല്‍ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു.

”കിഫ്ബിയിലെ കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്കില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്ത് കൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്നിക്കല്‍ എക്സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥന്‍ അത് വെട്ടും. അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ഭകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാന്‍ അയാള്‍ക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യന്‍ അവിടെയിരിക്കുന്നത്.

ചീഫ് എഞ്ചിനീയര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നത് എക്സിക്യുട്ടീവ് എഞ്ചിനീയറായ സി.ടി.ഇ ആണ്. ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ. അവിടെ സി.ടി.ഇ ആയി ഒരു ചീഫ് എഞ്ചിനീയറെ നിയമിക്കാന്‍ തയ്യാറാവണം. ധനവകുപ്പ് അതിന് തയ്യാറാവുന്നില്ല. ഇതൊക്കെ ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ എന്നേ മെച്ചപ്പെടുമായിരുന്നു.

നിര്‍മാണവും അറ്റകുറ്റ പണികളും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. ചെയ്യാനാവുന്ന പണി മാത്രം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ ഏറ്റെടുത്താല്‍ മതി. സ്‌കൂളുകളുടെ പണി ഏറ്റെടുക്കേണ്ട. അതെല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്താല്‍ മതി. കഴിയാത്ത പണി ഏറ്റെടുക്കുന്നതിലൂടെ തീര്‍ക്കാന്‍ കഴിയാതെ പേരുദോഷവും പരാതിയും കേള്‍ക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകള്‍ എഴുതി നല്‍കിയാല്‍ മാത്രം അത്തരം വകുപ്പുകള്‍ ഏറ്റെടുത്താല്‍ മതി”,സുധാകരന്‍ പറഞ്ഞു.

Vinkmag ad

Read Previous

ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയുന്നു, നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുക

Read Next

ഇസ്ലാം ഭീതിക്കെതിരെ ഫ്രാന്‍സില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനം

Leave a Reply

Most Popular