മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെച്ചൊല്ലി കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പദ്ധതിയെ ശത്രുതാപരമായി സമീപിക്കുന്ന സർക്കാർ ഭരിച്ചിട്ടും ഇത് വിപ്ലവ പദ്ധതിയെന്ന് തെളിയുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ വ്യവസ്ഥാ വ്യതിയാനമാണെന്നും അത് കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുളള പ്രശ്‌നമായി കണക്കാതെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും സോണിയാഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇത് പാവപ്പെട്ടവരിലേക്ക് അധികാരം കൈമാറുന്നതിനുള്ള വിപ്ലവകരമായ നീക്കമാണ്. ഏറ്റവും ആവശ്യമുള്ളവരുടെ കൈയിലേക്ക് പണം നേരിട്ട് നല്‍കുന്നുവെന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാന പ്രമാണം. കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട്, പ്രത്യേകിച്ച് ഇതിനെ ശത്രുതാപരമായി സമീപിക്കുന്ന ഒരു സര്‍ക്കാര്‍ ആറ് വര്‍ഷം ഭരിച്ചിട്ടും- സോണിയ പറഞ്ഞു. ഇതിനെ എതിര്‍ക്കുന്ന തള്ളിപ്പറയുന്ന സര്‍ക്കാര്‍ തന്നെ അതിനെ മടിച്ചുമടിച്ചാണെങ്കിലും ആശ്രയിക്കുന്നുമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കാല കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന റേഷന്‍ സമ്പ്രദായമാണ് ഇത്തവണത്തെ കൊവിഡ് പ്രതിസന്ധികാലത്ത് ജനങ്ങള്‍ക്ക് ഉപയോഗപ്പെട്ടതെന്ന് നാം മറക്കരുത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കുന്നു. തൊഴിലുറപ്പ് പദ്ധതി 2004 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
യുപിഎ സര്‍ക്കാര്‍ അത് നടപ്പാക്കാനും ശ്രമിച്ചിട്ടുമുണ്ട്. ഇതിന്റെ ആശയം വളരെ ലളിതമാണ്. ഗ്രാമീണരായ ഇന്ത്യന്‍ ജനതയ്ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസം തൊഴില്‍ ലഭിക്കുക എന്നത് ഒരു അവകാശമാണ്. ഇത് ആരംഭിച്ച് 15 വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിനു കുടുംബങ്ങളെ പട്ടിണിയില്‍ നിന്ന് കൈപിടിച്ചു കയറ്റിയിട്ടുണ്ടെന്നും സോണിയാഗാന്ധി കൂട്ടിച്ചേര്‍ത്തു.
