തൊഴിലാളികൾ ഭക്ഷണം വലിച്ചെറിഞ്ഞ് കേരളത്തോട് നന്ദികേട് കാട്ടിയെന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നത്; സംഭവം നടന്നത് പശ്ചിമ ബംഗാളിൽ

കുടിയേറ്റ തൊഴിലാളികൾക്കെതിരെ വിദ്വേഷ വീഡിയോ പ്രചരിക്കുന്നു. കേരളത്തിൽ നിന്നും മടങ്ങുന്ന തൊഴിലാളികൾ ഭക്ഷണം വലിച്ചെറിയുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ കേരളത്തിലേതല്ല. റയിൽവേ നൽകിയ ഭക്ഷണംകേടായതിനാലാണ് തൊഴിലാളികൾ അത് ഉപേക്ഷിച്ചത്.

കേരളത്തോട് നന്ദികേട് കാണിച്ച് അതിഥി തൊഴിലാളികൾ ട്രെയിനിൽനിന്ന് ഭക്ഷണം വലിച്ചെറിയുന്നു എന്ന തലക്കെട്ടോടെ വാട്സ്ആപ്പ് ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വീഡിയോ സത്യമല്ല.  ഒറ്റ നോട്ടത്തിൽ എറണാകുളം ജങ്ക്ഷനോ ആലുവയോ ആണെന്ന് തോന്നിപ്പിക്കുമെന്നു മാത്രം, സത്യത്തിൽ അത് കേരളമല്ല.

മെയ് അഞ്ചിന് പശ്ചിമ ബം​ഗാളിലെ അസൻസോൾ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഓടുന്ന ട്രെയിനിൽനിന്ന് ഏതോ ഒരു യാത്രക്കാരൻ ഷൂട്ട് ചെയ്ത വീഡിയോ ആണത്. സംഭവം അന്നുതന്നെ ടൈംസ് നൗ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിൽ നിന്നും പുറപ്പെട്ട് ബിഹാറിലെ ദാനാപുരിലേക്ക് പോയ സ്പെഷ്യൽ ട്രയിനിൽ നിന്നുള്ള ദൃശ്യങ്ങളാണത്. പശ്ചിമ ബംഗാളിലെ അസൻസോളിൽ വച്ച് റയിൽവേ യാത്രക്കാർക്ക് ഭക്ഷണം നൽകി. എന്നാൽ അത് പഴകിയതാണെന്ന കാരണത്താൽ ഭക്ഷിക്കാനായില്ല. രോഷംപൂണ്ട യാത്രക്കാർ അവ അപ്പോൾതന്നെ പ്ലാറ്റ്ഫോമിൽ വലിച്ചെറിഞ്ഞ് മുദ്രാവാക്യം വിളിച്ചു.

കുടിയേറ്റ തൊഴിലാളികൾ പായിപ്പാട് സമരം നടത്തിയതിന് ശേഷം വലിയരീതിയിലുള്ള വിദ്വേഷ പ്രചരണമാണ് തൊഴിലാളികൾക്കെതിരെ കേരളത്തിൽ നടക്കുന്നത്. തൊഴിലാളികൾ ഭക്ഷണം ആവശ്യപ്പെടുന്നത് വരെ കുറ്റകൃത്യമായാണ് കേരളത്തിൽ പ്രചരിക്കുന്നത്.

 

Vinkmag ad

Read Previous

ഗംഗാ ജലം ഉപയോഗിച്ച് കൊറോണ ചികിത്സ; കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ നിർദ്ദേശം മെഡിക്കൽ റിസർച്ച് കൌൺസിലിന്

Read Next

ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ ഇന്നുമുതല്‍ എത്തും; ആദ്യ ദിവസമെത്തുന്നത് 368 പേര്‍

Leave a Reply

Most Popular