പൗരത്വ നിയമവുമായി ബന്ധപ്പെട്ട് എൻ.ഡി.എയിലെ ഘടകക്ഷികലിലെ പ്രമുഖരെല്ലാം ബിജപിക്കെതിരെ തിരിയുന്ന അവസ്ഥയുണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ പരീക്ഷണം നേരിട്ട പാർട്ടിയാണ് ബിഹാർ ഭരിക്കുന്ന ജെഡിയു. നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയു ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നേരിടുകയാണ്. കൂട്ടുകക്ഷിയായ ബിജെപിയെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് നിതീഷ് കുമാർ.
നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്(എന്‍ആര്‍സി)ന് എതിരെ വീണ്ടും നിലപാട് എടുത്തിരിക്കുകയാണ് നിതീഷ് കുമാർ. എൻആർസി നടപ്പിലാക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. നേരത്തെ, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച നയത്തിനെതിരെ നിരവധി നേതാക്കളാണ് പാർട്ടിക്കകത്ത് നിന്നുതന്നെ രംഗത്തെത്തിയത്. ഇതിൽ പ്രശാന്ത് കിഷോറിനെ പാർട്ടി പുറത്താക്കുകയും ചെയ്തിരുന്നു.
ബിഹാറിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ വെട്ടിലായിരിക്കുകയാണ് ജെഡിയു. പൗരത്വ നിയമത്തിനെതിരായി ന്യൂനപക്ഷ സെൽ നേതാക്കളടക്കം രാജിവയ്ക്കുകയും പ്രശാന്ത് കിഷോറിനെ പുറത്താക്കേണ്ടി വരികയും ചെയ്തത് അസംബ്ലി ഇലക്ഷനെ കാര്യമായി ബാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ കരുതുന്നത്. ബിഹാറിൽ മുസ്ലീം വോട്ടുകളിൽ നല്ലൊരു പങ്ക് വാങ്ങിയാണ് ജെഡിയും ജയിച്ചു കയറുന്നത്.
മുസ്ലീം വോട്ടുകൾ നഷ്ടപ്പെടാതിരിക്കുവാനും ബിജെപിയെ പിണക്കാതിരിക്കുവാനും കിണഞ്ഞ് പരിശ്രമിക്കുകയാണ് ജെഡിയു. ബിഹാരിൽ ബിജെപി ഒരു സവർണ്ണ പാർട്ടി മാത്രമാണ്. ബ്രാഹ്മണ ബനിയ വോട്ടുകളാണ് ബിജെപിക്ക് ലഭിക്കുക. അതിനാഷ തന്നെ പിന്നാക്ക ദലിത് മുസ്ലീം വോട്ടുകൾ സംസ്ഥാനത്ത് നിർണ്ണായകമാണ്. ഇതിനിടെ നിതാഷിനെ പുറത്താക്കൂ എന്ന മുദ്രാവാക്യവുമായി പ്രധാന പ്രതിപക്ഷമായ ആർജെഡിയും രംഗത്തുണ്ട്.
പൗരത്വ നിയമത്തെ അനുകൂലിച്ചെങ്കിലും പൗരത്വ രജിസ്റ്ററിനെ തള്ളിക്കളയേണ്ട ഗതികേടിലേക്ക് എത്തിയിരിക്കുകയാണ് ജെഡിയു. പ്രശാന്ത് കിഷോർ അടക്കമുള്ളവർ ബിഹാറിൽ പ്രതിപക്ഷ ഐക്യനിര സൃഷ്ടിക്കാൻ ശ്രമിക്കുന്നതും നിതീഷിന് തലവേദയായിരിക്കുകയാണ്. ബിഹാർ കൂടി നഷ്ടപ്പെട്ടാൽ ബിജെപിക്ക് മുഖമുയർത്തി നടക്കാനാവില്ലെന്നതാണ് സത്യം.
