തൂത്തുക്കുടി ഇരട്ട കസ്റ്റഡിക്കൊലക്കേസില്‍ ഇന്‍സ്പെക്ടര്‍ അടക്കം നാലു പൊലീസുകാര്‍ കൂടി അറസ്റ്റില്‍. സാത്താന്‍കുളം സ്റ്റേഷൻ്റെ ചുമതലയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ ശ്രീധര്‍, മരിച്ച ജയരാജിനെയും ബെനിക്സിനെയും മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയ എസ്.ഐ.ബാലകൃഷ്ണന്‍ രണ്ടു പൊലീസുകാര്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗം കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
കസ്റ്റഡി കൊലപാതകത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. പൊലീസുകാരുടെ അറസ്റ്റ് വിവരം പുറത്ത് വന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങി പടക്കം പൊട്ടിച്ചു. വനിതാ ഹെഡ്കോൺസ്റ്റബിൾ നൽകിയ മൊഴിയാണ് ഈ കേസിൽ നിർണ്ണായകമാകുക.
കേസിൽ മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്‍റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സിഐഡി ഇന്നലെയാണ് അന്വേഷണം ആരംഭിച്ചത്. തിരുനെല്‍വേലി ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. വനിതാ കോൺസ്റ്റബിളിന്‍റേയും കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബാംഗങ്ങളുടെയും ഇവർ മൊഴി രേഖപ്പെടുത്തി.
ലോക്ക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരിയായ ജയരാജനും മകന്‍ ബനിക്സും പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ബെനിക്സിന്‍റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്‍റെ എഫ്ഐആര്‍.
കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും അതിനിടെ പരിക്കേറ്റെന്നുമാണ് പോലീസ് വാദം. എന്നാല്‍ പൊലീസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
