തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വില ഉയർത്തി എണ്ണക്കമ്പനികള്‍. തുടര്‍ച്ചയായി വില കൂട്ടിയതോടെ വിപണിയില്‍ വിലക്കയറ്റം വരാനുള്ള സാധ്യത കൂടുമെന്നതാണ് സാധാരണക്കാരുടെ നെഞ്ചു പൊള്ളിക്കുന്നത്.
പെട്രോളിന് ലിറ്ററിന് 59 പൈസയും, ഡീസൽ ലിറ്ററിന് 55 പൈസയുമാണ് കൂട്ടിയത്. ഏഴു ദിവസം കൊണ്ട് മൂന്നു രൂപ 91 പൈസയുടെ വർദ്ധനയാണ് പെട്രോൾ വിലയിലുണ്ടായിരിക്കുന്നത്. ഡീസലിന് 3 രൂപ 78 പൈസയും കൂടി. വില വർദ്ധന ലോക്ക് ഡൗൺമൂലം വരുമാനം ഇടിഞ്ഞ സാധാരണക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്.
ലോക്ക് ഡൗൺ സമയത്ത് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതെ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുത്തനെ കൂട്ടുകയായിരുന്നു. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയർത്തിയത്. രാജ്യാന്തരവിപണിയിൽ എണ്ണ വില ഉയർന്നതിനാൽ എക്സൈസ് തീരുവ കുറച്ച് പെട്രോൾ വില കുറച്ച് സാധാരണക്കാർക്ക് ആശ്വാസം നൽകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
