തബ്‌ലീഗ് വിഷയം ഇസ്ലാമോഫോബിയ പരത്താന്‍ സംഘപരിവാര്‍ ആയുധമാക്കി; തെളിവുകളുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

ഡല്‍ഹി തബ് ലിഗ് ജമ്മാഅത്തെ മര്‍ക്കസിലെ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തബ്‌ലീഗ് വിഷയം ഇസ്ലാമിനെതിരായി വിദ്വേഷം പ്രചരിപ്പിക്കാന്‍ സംഘപരിവാറിന്റെ സംഘടിത ശ്രമം. രാജ്യത്താകെ ഇസ്ലാമോഫോബിയ പടര്‍ത്താന്‍ ഈ വിഷയം സംഘപരിവാര്‍ കൃത്യമായി ഉപയോഗിക്കുകയാണെന്ന് ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രെന്‍ഡിങ്ങായ മുസ്ലീം വിരുദ്ധ പോസ്റ്റുകള്‍ ഇതിന് ഉദാഹരണമാണെന്ന് ബിബിസി ചൂണ്ടികാട്ടുന്നു. # കൊറോണ ജിഹാദ്, #നിസാമുദ്ദിന്‍ ഇഡിയറ്റ്‌സ്, #കോവിഡ് 786 എന്നിങ്ങനെ ഇസ്ലാം വിരുദ്ധ ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി മാറിയത് സംഘടിതമായ ഗൂഢാലോചനയുടെ തെളിവാണ്.

കൊറോണ ജിഹാദില്‍ നിന്ന് ഇന്ത്യയെ ആരാണ് രക്ഷിക്കുക എന്ന തലക്കെട്ടില്‍ സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ നടത്തിയ ചര്‍ച്ചകളും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. അര്‍ണാബ് ഗോസാമി ഉള്‍പ്പെടെയുള്ള സംഘി അനുകൂല മാധ്യമ പ്രവര്‍ത്തകര്‍ ഈ വിഷയം മുസ്ലീം വിരുദ്ധ വികാരമാക്കി വളര്‍ത്താന്‍ നിരന്തരമായ ശ്രമം നടത്തി.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് അയോദ്ധ്യയില്‍ ഉള്‍പ്പെടെ നിരവധി മതപരമായ ചടങ്ങുകള്‍ നടത്തിയത്.
പഞ്ചാബില്‍ ഒരു മതപരമായ ആഘോഷത്തില്‍ വിദേശ യാത്രകഴിഞ്ഞെത്തിയ സിഖുക്കാരന്‍ പങ്കെടുത്തത് കോവിഡ് പടരുന്നതിന് കാരണമായി, കേരളത്തില്‍ കോവിഡ് ഭീഷണി നിലനില്‍ക്കെ പതിനായിരങ്ങള്‍ പങ്കെടുത്തത് ആറ്റുകാല്‍ പൊങ്കാല നടത്തി അപ്പോഴൊന്നും ഇല്ലാതിരുന്ന ആരോപണങ്ങളാണ് തബ് ലീഗ് ജമാഅത്തെയുടേ സമ്മേളനത്തിന്റെ പേരില്‍ ഒരു മത വിഭാഗത്തിനെ മാത്രം ലക്ഷ്യം വച്ച് ഉയരുന്നത്.

മാര്‍ച്ച് 13 ന് 200 ലധികം ആളുകള്‍ ഒത്തുചേരുന്ന ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷമാണ് നിസാമുദ്ദിന്‍ പോലിസ് സ്റ്റേഷന്റെ മൂക്കിന് താഴെ ആയിരങ്ങള്‍ പങ്കെടുത്ത തബ് ലീഗ് സമ്മേളനം നടന്നത്. ഇത് തടയാനോ നടപടിയെടുക്കാനോ തയ്യാറാകാതിരുന്ന അതേ ഡല്‍ഹി പോലിസാണ് കോവിഡ് ജിഹാദുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Vinkmag ad

Read Previous

കൊറോണയ്ക്ക് ഗോ മൂത്ര ചികിത്സയുമായി ഗുജറാത്തിലെ ജനങ്ങള്‍; ദിവസവും വില്‍ക്കുന്നത് 6000 ലിറ്റര്‍ ഗോ മൂത്രം

Read Next

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ലഭിച്ചത് 42 കോടിയുടെ ഒന്നാം സമ്മാനം

Leave a Reply

Most Popular