ഡൽഹി പോലീസിന് സുപ്രീം കോടതിയുടെ കടുത്ത വിമർശനം; ബ്രിട്ടനിലെയും അമേരിക്കയിലെയും പൊലീസിനെ കണ്ടുപഠിക്കണമെന്ന് ഉപദേശം

ഡൽഹിയിൽ സംഘർഷം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമര്‍ശനം. ഡല്‍ഹി പൊലീസിന്റെ നടപടികളില്‍ പ്രൊഫഷണലിസമില്ലെന്ന് കോടതി നിരീക്ഷിച്ചു.

പൊലീസിനു പ്രഫഷനലിസം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. പൊലീസ് സേന പ്രഫഷനൽ ആയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നെന്നും കോടതി പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കര്‍ക്കശമായ നടപടികള്‍ ഉണ്ടാകണമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

പൊലീസ് സേന പ്രൊഫഷണലുകളായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാകുമായിരുന്നില്ല. ഇത്രയും ജനങ്ങളുടെ ജീവന്‍ നഷ്ടമായത് ചെറുതായി കാണാനാവില്ല. ബ്രിട്ടനിലെയും അമേരിക്കയിലെയും പൊലീസിനെ ഡല്‍ഹി പൊലീസ് കണ്ടു പഠിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടു. പൊലീസിന്റെ കണ്‍മുന്നിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. അകമങ്ങളെ നിയമപരമായി തന്നെ നേരിടണമായിരുന്നെന്നും കോടതി പറഞ്ഞു.

പ്രകോപനപരമായ പ്രസംഗങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് അപ്പോള്‍ തന്നെ നടപടി എടുക്കണമായിരുന്നു. അതിന് ഉത്തരവിനായി കാത്തിരിക്കരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തരവിനായി ബ്രിട്ടീഷ് പൊലീസ് കാത്തിരിക്കുകയല്ല, പകരം കടുത്ത നടപടി എടുക്കുകയാണ് ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങളോടും കോടതി അതൃപ്തി പ്രകടിപ്പിച്ചു. സോളിസിറ്റര്‍ ജനറല്‍ ഭരണഘടനയോട് കൂറുപുലര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ എല്ലാവരും ഇടപെടണമെന്ന് രാഷ്ട്രീയപാര്‍ട്ടികളോടും സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു. അക്രമമല്ല, ആരോഗ്യകരമായ ചര്‍ച്ചയാണ് ഉണ്ടാകേണ്ടത്. കലാപത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചില്ല.

കേസ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഷഹീന്‍ബാഗ് കേസ് മാത്രമാണ് പരിഗണിക്കുന്നതെന്നും മധ്യസ്ഥ റിപ്പോര്‍ട്ട് ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും പറഞ്ഞ സുപ്രീംകോടതി കേസ് മാര്‍ച്ച് 20 ലേക്ക് മാറ്റി.

Vinkmag ad

Read Previous

തോക്കും ആയുധങ്ങളുമായി സംഘപരിവാറുകാര്‍ അഴിഞ്ഞാടുന്നു; പോലീസ് നോക്കി നില്‍ക്കെ പള്ളിയ്ക്ക് തീകൊളുത്തി: ഡല്‍ഹിയില്‍ നടക്കുന്നത് മുസ്ലീം വേട്ട

Read Next

‘ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റം അധികാരത്തില്‍ മത്ത് പിടിച്ച സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം’; മനീഷ് തിവാരി

Leave a Reply

Most Popular