ഡൽഹിയിൽ നടന്ന ആസൂത്രിത കലാപത്തിൽ അതിക്രമത്തിന് ഇരയായ മുസ്ലീം സമുദായത്തെ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് സിഖ് സമുദായമായിരുന്നു. സംഘപരിവാർ ആക്രമണങ്ങളെ ചെറുക്കാനും ഇരയാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ മുസ്ലീങ്ങളെ മാറ്റിപ്പാർപ്പിക്കാനും സിഖ് സമുദായത്തിലെ വ്യക്തികൾ മുന്നിട്ട് നിന്നു.
ഇത്തരം മാനവിക പ്രവർത്തികൾക്ക് അനുകരണീയ മാതൃകയിൽ നന്ദി അറിയിച്ചിരിക്കുകയാണ് മുസ്ലീം സമുദായം. സിഖ് സമുദായവുമായി തർക്കം നിലനിന്ന ഭൂമി അവർക്ക് വിട്ടുനൽകിയാണ് മുസ്ലീങ്ങൾ തങ്ങളുടെ കടപ്പാട് അറിയിച്ചിരിക്കുന്നത്. ഉത്തർ പ്രദേശിലെ സഹാറൻപൂരിലാണ് സംഭവം നടന്നിരിക്കുന്നത്.
പത്തുവർഷം മുമ്പ് സിഖ് സമുദായത്തിൻ്റെ ഗുരുദ്വാര വികസനത്തിനായി സിഖുകാർ വാങ്ങിയ ഭൂമിയിൽ പണ്ട് മസ്ജിദ് ഉണ്ടായിരുന്നുവെന്നെ വാദം മുസ്ലീങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനാൽ ഭൂമിയുടെ മേലുള്ള അവകാശവാദം സുപ്രീം കോടതിയിലെത്തിയിരുന്നു. കേസിനെത്തുടർന്ന് സിഖ് സമുദായം നൽകുന്ന പകരം ഭൂമി നൽകുമെന്ന കരാറിൽ മുസ്ലിംകൾ ഭൂമി വിട്ടുനൽകി.
എന്നാൽ, വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമത്തിന് ഇരയായവർക്ക് സിഖ് സമുദായം നൽകിയ പിന്തുണക്കുള്ള നന്ദിയായി ഈ പകരം ഭൂമി വേണ്ടെന്നു വെച്ചിരിക്കുകയാണ് മുസ്ലിംകൾ. സിഖ് സമുദായം നൽകാമെന്നേറ്റ ഭൂമി സഹാറൻപൂർ മസ്ജിദ് കമ്മിറ്റി വേണ്ടെന്നു വെക്കുകയാണെന്നും ഡൽഹിയിൽ അവർ ചെയ്തത് ‘ദൈവത്തിന്റെ ജോലി’യാണെന്നും സുപ്രീം കോടതിയിൽ മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിച്ച അഡ്വ. നിസാം പാഷ പറഞ്ഞു.
സിഖുകാർ മനുഷ്യത്വത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്നും ആവശ്യക്കാരെ സഹായിക്കുക എന്നത് അവരുടെ സവിശേഷതയാണെന്നും മുസ്ലിം ഹർജിക്കാരൻ മുഹറം അലിയെ ഉദ്ധരിച്ച് ‘ദി ക്വിന്റ്’ റിപ്പോർട്ട് ചെയ്തു. ‘ഡൽഹിയിലെ വർഗീയ അക്രമത്തിന് ഇരയായ ജനങ്ങളെ അവർ സഹായിച്ചു. അത് ദൈവത്തിന്റെ പ്രവൃത്തിയാണ്.’ – മുഹറം അലി പറഞ്ഞു. കഴിഞ്ഞയാഴ്ച ഗുരുദ്വാരയുടെ നിർമാണ ജോലികൾ നടന്നപ്പോൾ നിരവധി മുസ്ലിംകൾ പങ്കെടുത്തിരുന്നു.
