ഡൽഹി കലാപം: ഹിന്ദുക്കളെ അറസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് കമ്മീഷണറുടെ ഉത്തരവ്; മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹിന്ദുക്കള്‍ക്ക് അസംതൃപ്തിയുണ്ടെന്നും ഉത്തരവില്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ കലാപത്തിൽ പോലീസിൻ്റെ ഇടപെടൽ വർഗ്ഗീയ മാനങ്ങളുള്ളതാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇത് തെളിയിക്കുന്ന പോലീസ് ഉത്തരവ് പുറത്ത്.

കലാപബാധിത പ്രദേശങ്ങളില്‍ നിന്നും ഹിന്ദുക്കളായ യുവാക്കളെ അറസ്റ്റ് ചെയ്തത് ഹിന്ദുക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ അത്തരം അറസ്റ്റുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുകയും കരുതലെടുക്കുകയും ചെയ്യണമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഓഫീസര്‍ക്ക് ഉത്തരവ് നല്‍കി.

കുറ്റങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും വിഭാഗത്തിലെ സ്‌പെഷ്യല്‍ സി പി ആയ പ്രവീര്‍ രഞ്ജന്‍ ആണ് ജൂലൈ എട്ടിന് ഉത്തരവ് നല്‍കിയത്. ചന്ദ് ബാഗിലും ഖജൂരി ഖാസ് മേഖലയില്‍ നിന്നും ചില ഹിന്ദു യുവാക്കളെ കലാപ കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പുകളേയും പ്രവീര്‍ ഉത്തരവില്‍ എടുത്ത് പറയുന്നു.

തെളിവുകള്‍ ഇല്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന് സാമുദായിക പ്രതിനിധികള്‍ ആരോപിക്കുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് അറസ്റ്റെന്ന് അവര്‍ പറയുന്നുവെന്നും ഉത്തരവിലുണ്ട്.

ഈ പ്രദേശങ്ങളില്‍ കലാപത്തിനും സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയെന്ന് ആരോപണമുള്ള രണ്ട് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹിന്ദുക്കള്‍ക്ക് അസംതൃപ്തിയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മുസ്ലിങ്ങളുടേയും പേര് ഉത്തരവില്‍ പറയുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടവിധം വഴിക്കാണിക്കണമെന്നും കമ്മീഷണര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. നേരത്തെ, കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ മുസ്ലീങ്ങളെ മാത്രം പ്രതിചേർക്കുന്നതിലൂടെ ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ ഏകപക്ഷീയതയുണ്ടെന്ന് കോടതി തന്നെ വിമർശനമുന്നയിച്ചിരുന്നു.

Vinkmag ad

Read Previous

കശ്മീരിലെ വീട്ടുതടങ്കൽ ഒരുവർഷത്തിലേക്ക്; 16 നേതാക്കന്മാർ ഇപ്പോഴും തടങ്കലിൽ

Read Next

അയോധ്യയിലെ ബുദ്ധപാരമ്പര്യം സംരക്ഷിക്കണം: ആവശ്യവുമായി ബുദ്ധ സന്യാസിമാരുടെ നിരാഹാര സമരം

Leave a Reply

Most Popular