മോദി ലോകം മുഴുവൻ പറന്നു നടന്ന് കെട്ടിപ്പടുത്ത സൗഹൃദങ്ങളെല്ലാം ഇപ്പോള്‍ തിരിച്ചടിച്ചു തുടങ്ങിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വന്നപ്പോള്‍ തന്നെ അറബ് രാഷ്ട്രങ്ങളുള്‍പ്പെടെ സര്‍ക്കാരിനെതിരേ രംഗത്തു വന്നിരുന്നു.
ഇപ്പോള്‍ ഡല്‍ഹി കലാപത്തിൻ്റെ പശ്ചാത്തലം കൂടി കണക്കിലെടുത്ത് ഇറാനടക്കം മോദി ഭരണകൂടത്തിനെതിരേ പിടിമുറുക്കുകയാണ്. ഇതോടെ ഡല്‍ഹി കലാപത്തില്‍ ഇന്ത്യയ്ക്കെതിരെ ഔദ്യോഗികമായി പ്രതികരിക്കുന്ന നാലാമത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായി മാറിയിരിക്കുകയാണ് ഇറാന്‍.
ഇറാന്റെ വിദേശകാര്യ മന്ത്രി ജാവദ് സരിഫ് ആണ് ഡല്‍ഹി കലാപത്തെ അപലപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങളുടെ വേലിയേറ്റം നടക്കുന്നു എന്നും ഇത്തരം വിവേകശൂന്യമായ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജാവദ് സരിഫ് ആവശ്യപ്പെട്ടു.
‘ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരെയുളള ആസൂത്രിത ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സുഹൃത്താണ് ഇറാന്‍. എല്ലാ ഇന്ത്യക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. വിവേകശൂന്യമായ ഗുണ്ടായിസം അനുവദിക്കരുത്. നിയമം നടപ്പാക്കുന്നതിലും സമാധാന ചര്‍ച്ചകളിലുമാണ് മുന്നോട്ടുളള പാത’ എന്നാണ് ജാവദ് സരിഫിന്റെ ട്വീറ്റ്.
നേരത്തെ ഇന്തോനേഷ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ ഡല്‍ഹി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെ മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തിപ്പെടുകയാണ്.
അതേസമയം ഇറാനെതിരായ നിലപാടാണ് ഇന്ത്യയിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇറാൻ്റെ പ്രതികരണത്തോട് കടുത്ത അതൃപ്തിയാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയാവാന്‍ തന്നെയാണ് സാധ്യത. ഇറാന്‍- അമേരിക്ക സംഘര്‍ഷ ഘട്ടത്തില്‍ അമേരിക്കയുടെ ഉപരോധത്തിന് കീഴിലുളള ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തി വെച്ചിരിക്കുകയാണ്. അതേസമയം ഇറാനുമായുള്ള ഛബാര്‍ തുറമുഖ പദ്ധതി ഇന്ത്യ ഉപേക്ഷിച്ചിട്ടില്ല. എന്നാലിപ്പോള്‍ ഇന്ത്യയുടെ നിലപാടുകള്‍ ഈ പദ്ധതിയ്ക്കടക്കം കൊള്ളിവയ്ക്കുന്നതായി മാറുകയാണ്.
നേരത്തെ തുര്‍ക്കിയും പാകിസ്താനും ഉന്നയിച്ച വിമര്‍ശനങ്ങളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്തോനേഷ്യ ഡല്‍ഹി കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതികരിച്ചത്. ജക്കാര്‍ത്തയിലുളള ഇന്ത്യന്‍ അംബാസിഡറെ പ്രതികരണം അറിയിച്ചത്. ഇന്തോനേഷ്യന്‍ സര്‍ക്കാരിലെ മതകാര്യ മന്ത്രാലയം മുസ്ലീംങ്ങള്‍ക്കെതിരെയുളള ആക്രമണങ്ങളെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു.
തുര്‍ക്കി പ്രസിഡണ്ട് എര്‍ദോഗന്‍ ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ അതിരൂക്ഷമായാണ് ഇന്ത്യക്കെതിരെ പ്രതികരിച്ചത്. മുസ്ലീം കൂട്ടക്കൊല ഇന്ത്യയില്‍ വ്യാപകമാണ് എന്നാണ് എര്‍ദോഗന്റെ ആരോപണം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരെയുളള നീക്കം ലോകമൊട്ടാകെ അപകടകരമായ ഫലങ്ങളുണ്ടാക്കും എന്നാണ് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്.
ഇതിനിടെ ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒ.ഐ.സി നടത്തിയ പ്രസ്താവന ഗള്‍ഫ് ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ കേന്ദ്രസര്‍ക്കാറിനു വലിയ തിരിച്ചടിയാകുമെന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.
ഊര്‍ജം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ അറബ്, മുസ്ലിം രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനും പുതിയ സാഹചര്യം വിലങ്ങുതടിയായി കഴിഞ്ഞു. ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ സമീപകാലത്ത് വര്‍ധിച്ചുവരുന്ന, മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും പള്ളികളുടെ തകര്‍ച്ചക്കും സ്വത്തുനാശത്തിനും കാരണമാകുന്ന അക്രമങ്ങളെ അപലപിക്കുന്നുവെന്നായിരുന്നു ഒ.ഐ.സിയുടെ പ്രസ്താവന. ഇന്ത്യയില്‍ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായവരുടെ കൂടെനില്‍ക്കുന്നുവെന്നും, മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമങ്ങളിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന്, വ്യക്തികള്‍ക്കും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തില്‍ ഒ.ഐ.സിക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത് വന്നിരുന്നു. ഡല്‍ഹിയില്‍ സാധാരണ നില തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ ഇതൊന്നും ഒ.ഐ.സിയെ തൃപ്തിപ്പെടുത്തുന്നില്ല. മാത്രമല്ല, അറബ് രാജ്യങ്ങളുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്താനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് ഒ.ഐ.സിയുടെ നിലപാട് വന്‍ തിരിച്ചടിയേല്‍പ്പിക്കുമെന്നു തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
57 അംഗ മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയുമായി നല്ല ബന്ധം രൂപപ്പെടുത്താന്‍ അടുത്ത കാലത്ത് ഇന്ത്യക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അബൂദബിയില്‍ നടന്ന ഒ.എ.സി ഉച്ചകോടിയിലേക്ക് പാകിസ്താന്റെ എതിര്‍പ്പ് മറികടന്നും ഇന്ത്യക്ക് ക്ഷണം ലഭിക്കുമാറ് ആ ബന്ധം വികസിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥിതി മാറിമറിഞ്ഞിരിക്കുകയാണ്. ഒ.ഐ.സിയിലും യു.എന്‍ രക്ഷാസമിതിയിലും സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളോട് അനുഭാവപൂര്‍വം പ്രതികരിച്ച പല രാജ്യങ്ങളും നയം പുന:പരിശോധിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമേയാണിപ്പോള്‍ ഇറാന്‍ നേരിട്ട് ഡല്‍ഹി കലാപത്തില്‍ തങ്ങളുടെ രൂക്ഷവിമര്‍ശനം മോദി സര്‍ക്കാരിനെതിരേ രേഖപ്പെടുത്തിയിരിക്കുന്നത്.
