ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കാൻ തീരുമാനം. ഡല്‍ഹിയില്‍ കലാപമുണ്ടാകാന്‍ കാരണം കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണെന്നും കേസെടുക്കണമെന്നുമുള്ള ആവശ്യം ഉയരുന്നതിനിടെയാണ് കപില്‍ മിശ്രക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്.
സർക്കാർ വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് കപില്‍ മിശ്ര നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം.
ആറ് സുരക്ഷാ ഉദ്യോഗസ്ഥരാണ് കപില്‍ മിശ്രക്ക് സുരക്ഷ ഒരുക്കുക. രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ മുഴുവന്‍ സമയവും കപില്‍ മിശ്രയ്‌ക്കൊപ്പമുണ്ടാകും. പുറമെ നാല് ഉദ്യോഗസ്ഥരുണ്ടാകും.
മിശ്രയുടെ വിവാദ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഡല്‍ഹിയില്‍ വംശഹത്യക്ക് തുടക്കം കുറിച്ചത്. കലാപത്തിന് ശേഷം കലാപത്തിലെ ഇരകളായ ഹിന്ദുകൾക്ക് സഹായം ആവശ്യപ്പെട്ട് കപിൽ മിശ്ര രംഗത്തെത്തിയിരുന്നു. ഇതിനായി വെബ്‌സൈറ്റും തുറന്നു. ഇതും വിവാദത്തിനിടയായി.
