ഡൽഹി കലാപവും അതിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങളും ബിജെപിക്കകത്തും കുഴപ്പങ്ങളുണ്ടാക്കുന്നു. ആളുകളെ മതത്തിനനുസരിച്ച് വേർതിരിക്കുന്ന നയത്തിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്നും രാജി വച്ചിരിക്കുകയാണ് ബംഗാളി നടി സുഭദ്ര മുഖര്‍ജി.
2013ലാണ് സുഭദ്ര മുഖര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വർഷങ്ങളിൽ കാര്യങ്ങൾ പോകുന്നത് ശരിയായ രീതിയിൽ അല്ലെന്ന് തോന്നി. ആളുകളെ അവരുടെ മതം അനുസരിച്ച് വിഭജിക്കുന്നത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രമായി. ഏറെ ചിന്തിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് സുഭദ്ര പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് ദിലീപ് ഘോഷിന് രാജിക്കത്ത് അയച്ചെന്നും സുഭദ്ര മുഖര്‍ജി വ്യക്തമാക്കി.
“ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. കുറേ പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരുടെ വീടുകള്‍ അഗ്നിക്കിരയാക്കി. കലാപം ജനങ്ങളെ വിഭജിച്ചു. കലാപത്തിന്‍റ ദൃശ്യങ്ങൾ എന്നെ നടുക്കിക്കളഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്ത പാര്‍ട്ടിയില്‍ തുടരാനില്ല”, സുഭദ്ര മുഖര്‍ജി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സുഭദ്ര പറഞ്ഞതിങ്ങനെ- “അയൽ രാജ്യങ്ങളിൽ ദുരിതത്തിലായവര്‍ക്ക് പൗരത്വം നൽകാനുള്ള തീരുമാനം നല്ലതാണ്. എന്നാൽ അവർക്ക് പൗരത്വം നൽകുന്നതിന്റെ പേരിൽ, എന്തിനാണ് ഓരോ ഇന്ത്യക്കാരന്റെയും ജീവിതം വെച്ച് കളിക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ പൗരത്വം തെളിയിക്കേണ്ടിവരുന്നത്? ഈ നീക്കത്തെ ഞാൻ അപലപിക്കുന്നു. ഈ നീക്കം ജനങ്ങൾക്കിടയിൽ അരക്ഷിതത്വം സൃഷ്ടിക്കും. രാജ്യ തലസ്ഥാനത്ത് മാത്രമല്ല, രാജ്യമാകെ അസ്വസ്ഥത സൃഷ്ടിക്കും”
