ഡല്‍ഹി കലാപത്തെ കൊറോണ വൈറസുമായി താരതമ്യം ചെയ്ത് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയുമായ അരുന്ധതി റോയ് രംഗത്ത്. ഞായറാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണ് ഈ താരതമ്യം അരുന്ധതി റോയ് നടത്തിയത്. ഫാസിസ്റ്റുകളും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടന്നതെന്നും അവർ പ്രസംഗത്തിനിടെ പറഞ്ഞു.
പ്രസംഗത്തിൽ അരുന്ധതി പറഞ്ഞത് : ‘നമ്മള്‍ കൂടിയിരിക്കുന്നിടത്തു നിന്നും കുറച്ചകലെയാണ് നാലുദിവസം മുമ്പ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. ഭരണപക്ഷത്തെ ചില നേതാക്കളുടെ പ്രസംഗത്തിന്റെ ഫലമായിരുന്നു ആ ആക്രമണം. പോലീസിൻ്റെ പിന്തുണയും അവർക്ക് ലഭിച്ചു. ആക്രമണമുണ്ടാകുമെന്ന് കുറച്ചു കാലമായി ആളുകള്‍ക്ക് തോന്നിയിരുന്നു, അതിനാല്‍ അവര്‍ കുറച്ചെങ്കിലും തയ്യാറായിരുന്നു. ചന്തകള്‍, വീടുകള്‍, കടകള്‍, പള്ളികള്‍, വാഹനങ്ങള്‍ എല്ലാം തീയിട്ടു നശിപ്പിച്ചു. വഴികള്‍ മുഴുവന്‍ കല്ലുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. എന്ത് ക്രൂരതയ്ക്കും, അതോടൊപ്പം എത്രത്തോളം ധൈര്യത്തിനും, മനുഷ്യത്വത്തിനും പ്രാപ്തരാണ് തങ്ങളെന്ന് രണ്ട് വിഭാഗത്തിലുള്ള ജനങ്ങളും കാണിച്ചുകഴിഞ്ഞു. ഫാസിസ്റ്റുകളും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലുള്ള പോരാട്ടമായിരുന്നു ഇതെന്നും അരുന്ധതി റോയ് പറഞ്ഞു.
