വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന വർഗ്ഗീയ കലാപത്തെക്കുറിച്ച് പോലീസ് നടത്തുന്ന അന്വേഷണത്തിനെതിരെ കോടതി. കേസിൻ്റെ ഒരു വശം മാത്രമാണ് പോലീസ് ലക്ഷ്യംവയ്ക്കുന്നത് എന്നാണ് കോടതി വിമർശിച്ചത്.
അഡീഷണൽ സെഷൻ ജഡ്ജ് ധർമ്മേധർ റാണയാണ് പോലീസ് അന്വേഷണത്തിലെ വിഭാഗീയതെയ രൂക്ഷണായ ഭാഷയിൽ വിമർശിച്ചത്. ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ആസിഫ് ഇഖ്ബാൽ തൻഹയുടെ റിമാൻ്ഡുമായി ബന്ധപ്പെട്ട് നടന്ന വാദത്തിനിടെയാണ് കോടതിയിൽ നിന്നും വിമർശനം ഉയർന്നത്.
ഡൽഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണം പക്ഷപാതപരമായിട്ടാണ് നടക്കുന്നതെന്ന വിമർശനം നാളുകളായി ഉയരുകയാണ്. പൗരത്വ സമരത്തിൽ പങ്കെടുത്തവരെ ലക്ഷ്യം വച്ചായിരുന്നു പോലീസ് നടപടികളധികവും.
കലാപത്തിൽ ഒരുപക്ഷത്തെക്കുറിച്ച് മാത്രം അന്വേഷണം നടത്തുന്ന പോലീസിന് മറുപക്ഷത്തിൻ്റെ പങ്കിനെപ്പറ്റി എന്ത് അന്വേഷണം നടത്തി എന്ന് വിശദീകരിക്കാൻ കഴിയുന്നില്ലെന്നും ഇത്തരത്തിലുള്ള അസ്വസ്തപ്പെടുത്തുന്ന വസ്തുതകളാണ് പോലീസിൻ്റെ കേസ് ഡയറി വെളിവാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു
