ഡല്‍ഹിയിൽ സിഖ് നേതാക്കൾ ബിജെപിയുമായി ഇടയുന്നു. അകാലിദളുമായി ബന്ധം പുലർത്തുന്നെന്ന് ആരോപണമുയരുന്ന സിഖ് നേതാവും പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കുൽവന്ത് സിംഗ് ബാത്തിന്റെ രാജി നിരസിക്കാനുള്ള തീരുമാനമാണ് പാർട്ടിയിൽ കലഹം ഉണ്ടാക്കിയിരിക്കുന്നത്.
രാജി സമർപ്പിച്ച ബാത്തിനെ വീണ്ടും ചുമതല വഹിക്കാൻ പാര്‍ട്ടി അനുവദിച്ചാൽ കൂട്ടത്തോടെ രാജിവെക്കുമെന്ന് സിഖ് നേതാക്കള്‍ വ്യക്തമാക്കി. 2017 ഒകോബര്‍ 25 നായിരുന്നു കുല്‍വന്ത് സിംഗ് രാജി സമര്‍പ്പിച്ചത്. എന്നാല്‍ അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. മാധ്യമ പ്രവർത്തകരുമായി നടത്തിയ സംവാദത്തിനിടയിലാണ് കുൽവന്ത് സിംഗിന്‍റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് ബി.ജെ.പിയുടെ ഡല്‍ഹി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവനക്ക് പിന്നാലെ സിഖ് നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. ബി.ജെ.പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിഖ് നേതാക്കള്‍ മനോജ് തിവാരിയുടെ പ്രസ്താവനയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ നീക്കം നടത്തിയ ബാത്തിനെ ഇനിയും സംഘടനയില്‍ തുടരാന്‍ അനുവദിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സിഖ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും കൂട്ടത്തോടെ രാജി വെക്കുമെന്നും സിഖ് നേതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ നീക്കം നടത്തിയ ബാത്തിനെ ഇനിയും സംഘടനയില്‍ എങ്ങനെയാണ് അനുവദിക്കുകയെന്ന് ഡല്‍ഹി ബി.ജെ.പി സിഖ് സെല്‍ കോര്‍ഡിനേറ്റര്‍ കവാല്‍ജീത് സിംഗ് ധീര്‍ ചോദിച്ചു.
എന്നാല്‍ ബിജെപി സിഖ് നേതാക്കള്‍ തന്‍റെ കാര്യം അനാവശ്യമായ് വലുതാക്കുകയാണെന്നും കുല്‍വന്ത് സിംഗിന്‍റെ പ്രതികരണം. ‘ഞാന്‍ രാജി സമര്‍പ്പിച്ച സമയത്ത് തന്നെ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മനോജ് തിവാരി പറഞ്ഞിരുന്നു. പിന്നീട് ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ബി.ജെ.പി സീറ്റില്‍ ആണ് എന്‍റെ ഭാര്യ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതും.’ കുല്‍വന്ത് സിങ് പറഞ്ഞു
