ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. അടിയന്തര സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഇരുവരും കാര്യക്ഷമമായി ഈ പ്രശ്നത്തിൽ ഇടപെട്ടില്ലെന്ന വിമർശനം ശക്തമാണ്.
വടക്ക് കിഴക്കന്‍ ദില്ലിയില്‍ പത്തിടത്ത് നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡൽഹി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്നലെ സംഘര്‍ഷത്തിനിടെ മൗജ്പുരിയില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷങ്ങളുടെ വീടുകളും സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ചാണ് ആക്രമണമുണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നതതല യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.
നേരത്തെ ആസൂത്രണം ചെയ്ത അക്രമമാണ് ഡല്‍ഹിയിലുണ്ടായതെന്നതിന് നിരവധി തെളിവുകളാണ് പുറത്തുവന്നത്. മൗജ്പൂര്‍, ബാബര്‍പൂര്‍ എന്നിവിടങ്ങളില്‍ പുറത്തു നിന്നുള്ള അക്രമികള്‍ക്ക് ഹിന്ദു വീടുകളും സ്ഥാപനങ്ങളും തിരിച്ചറിയാന്‍ കാവിക്കൊടി കെട്ടിയിരുന്നു. ഇതൊഴിവാക്കിയുള്ള വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ വടക്കുകിഴക്കന്‍ ഡല്‍ഹി യുദ്ധക്കളമായി.
