കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡൽഹിയിലെ ആശുപത്രികൾ നിയന്ത്രണമില്ലാത്ത അവസ്ഥയിൽ. ആറ് ആശുപത്രികൾ പ്രവേശനം നിഷേധിച്ച പ്രഫസർ ചികിത്സകിട്ടാതെ മരിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ അറബി വിഭാഗം മേധാവി പ്രഫ. വാലി അക്തര്‍ നദ്‌വിയാണ് മരണത്തിന് കീഴടങ്ങിയത്.
കോവിഡ് ലക്ഷണങ്ങളുമായി ഡല്‍ഹിയിലെയും നോയ്ഡയിലെയും ആറ് ആശുപത്രികളിലാണ് വാലി അക്തറിൻ്റെ ബന്ധുക്കൾ കയറിയിറങ്ങിയത്. എന്നാൽ ഒന്നൊഴിയാതെ എല്ലാപേരും രോഗിയെ കയ്യൊഴിയുകയായിരുന്നു. കിടക്കയില്ലെന്നതുൾപ്പെടെ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞാണ് ആസുപത്രികൾ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞത്.
ജൂണ്‍ 2നാണ് പ്രഫസര്‍ അക്തറിന് പനി തുടങ്ങിയത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. ഡല്‍ഹിയിലെ ബന്‍സാല്‍, അപ്പോളൊ, ഹോളി ഫാമിലി, ഫോര്‍ട്ടിസ്, ഖൈരാത്തി തുടങ്ങിയ ആശുപത്രികളും നോയ്ഡയിലെ കൈലാഷ് ആശുപത്രിയുമാണ് ചികില്‍സ നിഷേധിച്ചത്. ചിലര്‍ പനി ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞെങ്കില്‍ മറ്റുചിലര്‍ കിടക്ക ഒഴിവില്ലെന്ന് പറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ പ്രഫ. മുജീബ് അക്തര്‍ പറഞ്ഞു.
