ഡോ. കഫീൽ ഖാൻ ജയിലിൽ കൊല്ലപ്പെടുമെന്ന് ആശങ്ക; സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി ഭാര്യ കോടതിക്ക് കത്തയച്ചു

യുപി പോലീസിൻ്റെയും യോഗി സർക്കാരിൻ്റെയും കണ്ണിലെ കരടായിരിക്കുകയാണ് ഡോ. കഫീൽ ഖാൻ. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഫാൽ ഖാൻ്റെ ജീവൻ അപകടത്തിലാണെന്ന് കുടുംബം ആശങ്കപ്പെടുന്നു.
കഫീല്‍ ഖാന്റെ ജീവനു സുരക്ഷയാവശ്യപ്പെട്ട് ഭാര്യ കോടതിക്ക് കത്തയച്ചു. കഫീല്‍ഖാന്റെ ജീവന്‍ അപകടത്തിലാണെന്നു ഭയമുണ്ടന്നും അദ്ദേഹത്തിന് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഭാര്യ ഷാബിസ്ത ഖാന്‍ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. മധുര ജയിലില്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
ഫെബ്രുവരി 13 മുതല്‍ മധുര ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് ഭീഷണിയുണ്ടെന്നും ജയിലുകള്‍ കൊലപാതകത്തിന് കുപ്രസിദ്ധമാണെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 25നാണ് ഡോ. ഷബിസ്താ ഖാന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. അതേസമയം, കത്ത് നല്‍കിയത് സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്ന് സീനിയര്‍ ജയില്‍ സൂപ്രണ്ട് ഷൈലേന്ദ്ര മൈത്രേയ പറഞ്ഞു.

യുപി പോലിസ് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത കഫീല്‍ ഖാന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ പുറത്ത് വിടാതെ ദേശീയ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു. അദ്ദേഹത്തിൻ്റെ മോചനം തടയുന്നതിനാണ് ഇത്തരത്തിൽ പോലീസ് ഇടപെട്ടതെന്ന ആരേപണം ശക്തമാണ്. ജാമ്യം ലഭിച്ച് നാല് ദിവസത്തോളം ജയിലില്‍ പാര്‍പ്പിച്ച ശേഷമാണ് എന്‍എസ്എ ചുമത്തിയത്.

2017ല്‍ ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 60 കുട്ടികള്‍ കൂട്ടത്തോടെ മരണപ്പെട്ട വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് സ്വന്തം നിലയ്ക്കു കഫീല്‍ഖാന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചു രക്ഷാ പ്രവര്‍ത്തം നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ പല കാരണങ്ങള്‍ പറഞ്ഞ് യോഗി ആദിത്യനാഥ് ഭരണകൂടം വേട്ടയാടുകയായിരുന്നു. സംഭവത്തിനു പിന്നാലെ സസ്‌പെന്‍ഷനിലായ ഡോ. കഫീല്‍ ഖാന്‍ ഒമ്പതുമാസം ജയില്‍വാസവും അനുഭവിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം കോടതി കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘവും കഫീല്‍ ഖാന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

Vinkmag ad

Read Previous

മുസ്ലീം യൂത്ത് ലീഗിൻ്റെ പരിപാടിയിൽ നിന്നും രാഹുലിനെ ഒരു വിഭാഗം നേതാക്കൾ തടഞ്ഞു; പരിപാടിയിൽ പങ്കെടുക്കാതെ രാഹുൽ മടങ്ങി

Read Next

ചന്ദ്രശേഖർ ആസാദിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു; ലക്‌നൗവിൽ വീട്ടുതടങ്കലിലാക്കി

Leave a Reply

Most Popular