മതസൗഹാര്‍ദത്തിന്റെ പുതിയ സന്ദേശമായി മാറിക്കഴിഞ്ഞിരിക്കുകയാണ് കൊച്ചി ഗ്രാന്‍ഡ് ജുമാ മസ്ജിദ്. ഷഹീന്‍ ബാഗില്‍ സിഎഎയ്ക്കെതിരേ പ്രതിഷേധിക്കുന്നവര്‍ക്ക് ഭക്ഷണമൊരുക്കി മതേതരതയെ നെഞ്ചോടു ചേര്‍ത്തു പിടിച്ച സിഖ് സമുദായാംഗങ്ങള്‍ക്ക് സ്വീകരണമൊരുക്കിയാണ് കൊച്ചി ഗ്രാന്‍ഡ് ജുമാ മസ്ജിദ് ഇന്ന് ശ്രദ്ധേയമാകുന്നത്.
ഷഹീന്‍ബാഗ് പോരാളികള്‍ക്ക് വെളളവും ഭക്ഷണവുമൊരുക്കി പ്രതിഷേധത്തോട് ഐക്യപ്പെട്ട, കലാപകാരികള്‍ അഴിഞ്ഞാടിയപ്പോള്‍ അവര്‍ക്ക് കാവലായ സിഖ് സമുദായത്തോടുളള കൃതജ്ഞത രേഖപ്പെടുത്തല്‍ കൂടിയായി ഇത്. കഴിഞ്ഞ ദിവസം തേവരയിലെ ഗുരുദ്വാരയില്‍ മസ്ജിദ് ഭാരവാഹികള്‍ അതിഥികളായെത്തിയിരുന്നു. ജുമുഅ നമസ്‌കാര സമയത്ത് മസ്ജിദില്‍ അതിഥികളാകാന്‍ കഴിഞ്ഞതിന്റെ വേറിട്ട അനുഭവം പങ്കുവെച്ചാണ് സിഖുകാര്‍ മടങ്ങിയത്.
മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്രസര്‍ക്കാരിന് മതേതരതയെന്ന വാക്കിന്റെ അര്‍ഥമെന്താണെന്ന് പറഞ്ഞു കൊടുക്കുകയായിരുന്നു ഷഹീന്‍ ബാഗിലൂടെ ഒരു വലിയകൂട്ടം ജനങ്ങള്‍ ചെയ്തത്. മതം മാനദണ്ഡമാക്കി ഒരു നിയമം കൊണ്ടുവന്ന് മുസ്ലീം ജനതയെ ഇന്ത്യയില്‍ നിന്ന് ആട്ടിപ്പായിക്കാമെന്ന് സര്‍ക്കാര്‍ കരുതിയപ്പോള്‍ മതം സൗഹൃദത്തിനും സാഹോദര്യത്തിനും വേലിയാവുന്നില്ലെന്നു കാട്ടി രാജ്യമൊന്നാകെ ഒന്നിക്കുകയായിരുന്നു. സഹായമഭ്യര്‍ഥിച്ച് മുന്നില്‍ വരുന്നവരോട് ഇല്ലായെന്നു മറുപടി പറഞ്ഞ് ശീലമില്ലാത്ത, സഹായം ചോദിച്ചെത്തും മുന്‍പേ അത് തിരിഞ്ഞറിഞ്ഞ് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിച്ചു കൊടുത്ത് ശീലിച്ച സിഖ് ജനത ഷഹീന്‍ ബാഗിലേക്ക് ഒഴുകിയെത്തകയായിരുന്നു.
മുസ്ലിം സമരമെന്ന് ആര്‍ക്കും പറയാന്‍ അവസരം നല്കാതെ സിഖ് തലപ്പാവ് തിങ്ങിനിറഞ്ഞ ഷഹീന്‍ ബാഗില്‍ നിന്നുള്ള കാഴ്ച ഈ രാജ്യത്തിന്റെ മനോഹരമായ സാഹോദര്യഭാവത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. അമ്പതിനായിരത്തിലധികം വരുന്ന സമരഭടന്മാര്‍ക്കുവേണ്ടി തുടങ്ങിയ സിഖുകാരുടെ ലങ്കര്‍ അഥവാ ഭക്ഷണശാല ഷഹീന്‍ ബാഗിന്റെ മുഖ്യ ആകര്‍ഷണമായി തന്നെ മാറിയിരുന്നു. രാജ്യം കേന്ദ്രസര്‍ക്കാരിന്റെ മുഖത്താഞ്ഞടിച്ച് ഒന്നിച്ച് കൈകോര്‍ത്തു നില്‍ക്കുകയായിരുന്നു അവിടെ.
സിഖ്മത വിശ്വാസികളുടെ പാരമ്പര്യം അനുസരിച്ച് ഒരിക്കല്‍ ലങ്കര്‍ തുടങ്ങിയാല്‍ ഭക്ഷണം ആവശ്യമുള്ളവര്‍ ഉണ്ടെങ്കില്‍ അത് നല്കുകതന്നെ വേണം. അതിനെത്ര ചെലവ് വരുമെന്നത് ഈ പാരമ്പര്യത്തെ ബാധിക്കാന്‍ പാടില്ല. പക്ഷെ പണം തീര്‍ന്നുപോയാല്‍ എന്ത് ചെയ്യും. ഈ ചോദ്യം ഷഹീന്‍ ബാഗിലും ഉയര്‍ന്നു എന്നാല്‍ ഡി.എസ് ബിന്ദ്ര എന്നയാള്‍ ചെയ്തത് തന്റെ മൂന്ന് ഫ്‌ളാറ്റുകളില്‍ ഒന്ന് വിറ്റുകൊണ്ട് ലങ്കര്‍ നടത്താന്‍ ആവശ്യമായ പണം കണ്ടെത്തുകയായിരുന്നു. ഇത്തരത്തില്‍ മതത്തേക്കാള്‍ മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന ഒട്ടനവധി കാഴ്ചകള്‍ക്കും സംഭവങ്ങള്‍ക്കുമാണ് ഷഹീന്‍ ബാഗ് സാക്ഷിയായത്.
ചരിത്രത്തിന്റെ ഏടുകളില്‍ ഇന്ത്യയിലെ ജനാധിപത്യ മതേതര ജനത തങ്ക ലിപികളാല്‍ തന്നെ ഇവയെല്ലാം രേഖപ്പെടുത്തിയും കഴിഞ്ഞു. അത്തരത്തില്‍ രാജ്യം തന്നെ ആരാധനയോടെ നോക്കി കണ്ടവരില്‍ പ്രധാനികളാണ് കേരളത്തിന്റെ മണ്ണിലേക്ക് വന്നത്. മതേതയതയുടെ പുതിയ പാഠങ്ങള്‍ കുറിച്ച് ഒരു മസ്ജിദില്‍ സിഖ് ജനത എത്തിച്ചേര്‍ന്നു ഇങ്ങ് കേരളത്തില്‍. ഏറ്റവും അഭിമാനം തുളുമ്പുന്ന കാഴ്ച തന്നെയാണിത്. ഭരണകൂട കാട്ടാളന്മാര്‍ കണ്ടാല്‍ അവരുടെ ചങ്കില്‍ തുളച്ചു കയറുന്ന കാഴ്ച.
