സംഘപരിവാര്‍ അക്രമികള്‍ ഡല്‍ഹിയില്‍ നടത്തിയ കലാപത്തില്‍ മരണം 38 ആയി. ഇന്ന് രാത്രിയും ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാപകമായ അക്രമ സംഭവങ്ങള്‍ക്ക് അയവ് വന്നെങ്കിലും സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുകയണ്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ട തരത്തിലാണ് പലയിടത്തെയും സാഹചര്യങ്ങള്‍. പുറത്ത് നിന്നുള്ളവരാണ് എല്ലായിടത്തും അക്രമം നടത്തിയതെങ്കിലും കൊള്ളയുടേയും കൊലയുടേയും നടുക്കം വിട്ടുമാറിയിട്ടില്ല. പുതിയ കലാപങ്ങള്‍ ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയില്‍ ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്.
ജഫ്രാബാദ്, മൗജ്പുര്‍, ചാന്ദ്ബാഗ്, ശിവ്വിഹാര്‍, യമുനാവിഹാര്‍ തുടങ്ങിയ സംഘര്‍ഷമേഖലകളില്‍ പൊലീസും അര്‍ധസേനയും വ്യാഴാഴ്ചയും ഫ്ളാഗ്മാര്‍ച്ച് നടത്തി. നിശാനിയമം തുടരുകയാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമീഷണര്‍ എസ് എന്‍ ശ്രീവാസ്തവ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ചു. ശിവ്പുരിലും മറ്റും വ്യാഴാഴ്ചയും കല്ലേറിലും ഏറ്റുമുട്ടലുകളിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.
കലാപത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യചികിത്സ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ കെജ്രിവാള്‍ ഉന്നതയോഗം വിളിച്ചു. ലെഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലും പ്രത്യേക യോഗം വിളിച്ചു. ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് പൊലീസ് വക്താവ് എം എസ് രണ്‍ദാവ പറഞ്ഞു. നൂറിലേറെ പേര്‍ അറസ്റ്റിലായി. 48 കേസുകളെടുത്തിട്ടുണ്ട്. 35 സമാധാന യോഗങ്ങള്‍ ചേര്‍ന്നു- രണ്‍ധാവ പറഞ്ഞു. അന്വേഷണത്തിനായി രണ്ട് പ്രത്യേകാന്വേഷക സംഘങ്ങള്‍ക്ക് രൂപം നല്‍കി.
ജിടിബി, എല്‍എന്‍ജെപി, ജഗ്പര്‍വേഷ് ചന്ദര്‍ ആശുപത്രികളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 34 മരണം ജിടിബിയിലാണ്. എല്‍എന്‍ജെപിയില്‍ മൂന്നും ജെപിയില്‍ ഒരു മരണവും. സംഘപരിവാര്‍ അക്രമികള്‍ അഴിഞ്ഞാടിയ ശിവ്വിഹാര്‍, ചാന്ദ്ബാഗ്. ജഫ്രാബാദ്, മൗജുപുര്‍, ഗോകുല്‍പുരി, ഖജൂരിഖാസ് മേഖലകളിലാണ് കൂട്ടപ്പലായനം. ബിഹാര്‍, യുപി എന്നിവിടങ്ങളില്‍നിന്നെത്തി ചെറിയ ജോലികളെടുത്ത് ജീവിച്ചവരാണ് സംഘര്‍ഷമേഖല വിട്ടുപോകുന്നവരില്‍ ഏറെയും.
