കോവിഡിനെ നേരിടാന്‍ രാജ്യം അടച്ചുപൂട്ടിയപ്പോള്‍ പട്ടിണിയില്‍ നിന്ന് രക്ഷതേടി ഡല്‍ഹിയില്‍ നിന്ന് പലായനം ചെയ്യുന്നത് പതിനായിരകണക്കിന് തൊഴിലാളികള്‍. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളുള്‍പ്പെടെയുള്ള ആയിരങ്ങള്‍ യുപി അതിര്‍ത്തിയിലേക്ക് നീങ്ങുന്ന കാഴ്ച്ച രാജ്യത്തിന്റെ കണ്ണീരായി മാറുകയാണ്. ഭക്ഷണവും വെള്ളവും ലഭിക്കാതെ മാതൃനാട്ടിലേയ്ക്ക് കാല്‍നടയായി തിരിച്ച നിരവധി പേര്‍ മരിച്ചുവീണതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസവേതനത്തില്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് നാട്ടിലേയ്ക്ത് പലായനം ചെയ്യുന്നത്.
ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിനാളുകള്‍ നഗരത്തില്‍ കുടുങ്ങുകയും പലരും ആഗ്ര, ഝാന്‍സി, കാന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാല്‍നടയായി യാത്ര തിരിക്കുകയും ചെയ്ത വാര്‍ത്തകള്‍ പുറത്തെത്തിയതോടെയാണു യുപി സര്‍ക്കാര്‍ ഇവര്‍ക്കായി 1000 ബസുകള്‍ ക്രമീകരിച്ചത്.
മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന യുപി സ്വദേശികള്‍ക്ക് ഭക്ഷണവും താമസവും ക്രമീകരിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ലോക്ഡൗണില്‍ ഡല്‍ഹിയില്‍ തുടര്‍ന്നാല്‍ ഭക്ഷണം ലഭിക്കാതാകുമെന്നതാണ് ഇവരുടെ വെല്ലുവിളി. നാട്ടില്‍ ചെന്നാല്‍ കുടുംബാംഗങ്ങളുണ്ടെന്നും ഭക്ഷണത്തിനു മുട്ടുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.
ബസില്‍ കയറാന്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്. മുഖം മുറയ്ക്കാനുള്ള മാസ്‌ക് കുറച്ചു പേര്‍ക്കു മാത്രം. പൊലീസും അധികൃതരും വിതരണം ചെയ്ത റൊട്ടിക്കും വെള്ളത്തിനും വേണ്ടി തിക്കിതിരക്കുന്നത് ആയിരങ്ങളാണ്. നിരവധി കുട്ടികളും തൊഴിലാളികള്‍ക്കൊപ്പമുണ്ടെന്നതും ആശങ്കക്കിടയാക്കുന്നുണ്ട്.
