രാജ്യത്തെ പോലീസും ഭരണകൂട സംവിധാനങ്ങളും അക്രമികള്‍ക്കൊപ്പം ചേര്‍ന്നാല്‍ എന്ത് സംഭവിക്കും… ഒരു വിഭാഗത്തിനുനേരെ ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തുന്ന അക്രമണങ്ങളില്‍ തെളിയുന്നത് ഈ കൂട്ടുകെട്ടാണ്. ആയുധങ്ങളുമായി ജയ് ശ്രീം റാം വിളികളോടെ കൊലവിളി നടത്തുന്ന സംഘങ്ങള്‍ക്ക് തെരുവു ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ കൂട്ട് നില്‍ക്കുകയണ് ഡല്‍ഹി പോലീസ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ദൃശ്യങ്ങള്‍ തെളിയിക്കുന്നത് ഡല്‍ഹി പോലീസ് രാജ്യത്തിന് തന്നെ അപമാനമാണെന്നാണ്.
പോലീസ് മര്‍ദ്ദനത്തില്‍ ക്രൂരമായി പരിക്കേറ്റ യുവാക്കളെ കൊണ്ട് ദേശിയഗാനവും വന്ദേമാതരവും ആലപിക്കാന്‍ പോലീസ് നിര്‍ബന്ധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ ആയിരക്കണക്കിന് ട്വിറ്റര്‍ ഉപയോക്താക്കള്‍ പങ്കുവെച്ച 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയായാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ദ വീക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Cops and locals taking pictures, asking those injured to sing Vande Mataram, abusing them. Hum log kitna gir gaye hain. Zameer mar gaya hai hamara pic.twitter.com/DsMD1zd3fk
— Rana Ayyub (@RanaAyyub) February 25, 2020
സംഘര്‍ഷത്തില്‍ പരിക്കേറ്റ് റോഡില്‍ കിടക്കുന്ന അഞ്ച് പേരെ പൊലീസ് ഉദ്യോഗസ്ഥരെ വളഞ്ഞു നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. ആക്രമണത്തില്‍ പരിക്കേറ്റ ഈ അഞ്ച് പേരുടെയും ശരീരത്തു നിന്ന് രക്തമൊഴുകുന്നുണ്ടായിരുന്നു. ഇതിനിടെ വീണുകിടക്കുന്ന പ്രതിഷേധക്കാരെ ദേശീയഗാനം ആലപിക്കാന്‍ പൊലീസുകാര്‍ നിര്‍ബന്ധിക്കുന്നതും അത് ഫോണിലെ കാമറയില്‍ പകര്‍ത്തുന്നതുമാണ് വീഡിയോയുള്ളത്. കരഞ്ഞുകൊണ്ട് ദേശീയഗാനം പാടുന്നതിനിടെ, വന്ദേമാതരം പാടാന്‍ ആവശ്യപ്പെടുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ മറ്റൊരാള്‍ ഹിന്ദുസ്ഥാനില്‍ താമസിക്കുന്നതിനെക്കുറിച്ച് ആക്രോശിക്കുന്നുണ്ട്. വീഡിയോയുടെ അവസാനഭാഗത്ത് ആസാദി എന്നും ഒരാള്‍ പറയുന്നുണ്ട്.
പരിക്കേറ്റ് വീണുകിടക്കുന്നവരെ ലാത്തികൊണ്ട് അടിച്ചും കുത്തിയുമാണ് പൊലീസുകാര്‍ ദേശീയഗാനം പാടിപ്പിച്ചത്. അതേസമയം, പൊലീസുകാരില്‍ ഒരാള്‍ ഒരു യുവാവിന്റെ തലമുടിയില്‍ പിടിച്ചുവലിക്കുകയും തല റോഡിലേക്ക് വലിച്ചിടിക്കുന്നതും കാണാം. വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ രൂക്ഷമായ പ്രതികരണങ്ങളാണ് വീഡിയോ പുറത്തായതോടെ വരുന്നത്. മുന്‍ സമാജ്വാദി പാര്‍ട്ടി എം.പിയും പത്രപ്രവര്‍ത്തകനുമായ ഷാഹിദ് സിദ്ദിഖി വീഡിയോ ട്വീറ്റ് ചെയ്യുകയും പരിക്കേറ്റുകിടക്കുന്നവര്‍ മുസ്‌ലിം യുവാക്കളാണെന്നും കുറിച്ചു. ‘ഡല്‍ഹി പൊലീസ് മുസ്‌ലിം യുവാക്കളെ മര്‍ദ്ദിക്കുകയും ദേശീയഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഗുണ്ടകളും പൊലീസും തമ്മില്‍ വ്യത്യാസമില്ല. ഇന്നത്തെ ഇന്ത്യയുടെ ഭയാനകമായ യാഥാര്‍ത്ഥ്യം ഇവിടെ കാണാം.’ ഷാഹിദ് സിദ്ദിഖി ട്വീറ്റ് ചെയ്തു.
