ഡല്‍ഹിയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടുവെങ്കിലും കഴിഞ്ഞ രാത്രിയിലും വടക്കന്‍ കിഴക്കന്‍ ഡല്‍ഹിയിലെ ഗല്ലികളില്‍ രാത്രിയില്‍ അക്രമമങ്ങള്‍ നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരാന മുസ്തഫബാദില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. കരാവല്‍ നഗറില്‍ ഇന്നലെ രാത്രിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു.
വൈകിട്ട് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു പുരാന മുസ്തഫബാദ് സ്വദേശികളും സഹോദരങ്ങളുമായ പതിനെട്ട് വയസുകാരന്‍ അമിറും 20 വയസുകാരന്‍ ആസിഫും. രാത്രി 9 മണിക്ക് ഇരുവരും സഹോദരനായ ഷെറുദിനെ വിളിച്ചു സംസാരിച്ചു. പിന്നീട് ഇരുവരെയും ബന്ധപ്പെടാനായില്ല. ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തി.
കരാവല്‍ നഗറില്‍ ഇന്നലെ രാത്രി ബൈക്കില്‍ സഞ്ചരിക്കവെയാണ് രണ്ട് യുവാക്കള്‍ക്ക് വെടിയേറ്റത്. ഇവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 4 ദിവസത്തിനിടെ കാണാതായവരുടെ എണ്ണവും നിരവധിയാണ്.കാണാതായവരുടെ ബന്ധുക്കളില്‍ നിരവധി പേര്‍ ഇപ്പോഴും ജിടിബി ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ തുടരുകയാണ്.
