‘നിങ്ങളവിടെ സുരക്ഷിതരാണോ? ഇല്ലെങ്കില്‍ ഇങ്ങോട്ട് വരൂ.. കൂടുതല്‍ അപകടമൊന്നും സംഭവിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം..’-ഇന്നലെ മുതല്‍ യുദ്ധ സമാന അന്തരീക്ഷം നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ ഇതുപോലെ കണ്ണീരൊപ്പാന്‍ ഗുരുദ്വാരകള്‍ തുറന്ന് കാത്തിരിക്കുകയാണ് അന്നാട്ടിലെ സിഖ് ജനത…. അവര്‍ ഗുരുദ്വാരകള്‍ തുറന്നുവെക്കുന്നത്…
ആശ്രയമേകുന്നത് സംഘപരിവാറിന്റെ ആക്രമണങ്ങളില്‍ നിന്ന് തങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കാനാണ്.. ജാതിയോ മതമോ നോക്കാതെ..ഊരോ പേരോ ചോദിക്കാതെ അവര്‍ അവിടെവരുന്നവര്‍ക്കെല്ലാം ഗുരുദ്വാരയുടെ വാതിലുകള്‍ തുറന്നുകൊടുക്കുകയാണ്… മനുഷ്യത്തമുള്ളവര്‍ മരിച്ചു തീര്‍ന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് .. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ് സംഘപരിവാറും ഡല്‍ഹി പോലീസും ഉന്നം വെക്കുന്നതെന്നും അവിടെയുള്ളവരുടെ ജീവന്‍ അപകടത്തിലാണെന്നും തിരിച്ചറിഞ്ഞുകൊണ്ട് ആ പ്രദേശങ്ങളില്‍ തങ്ങള്‍ക്ക് അറിയാവുന്നവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സിഖ് സഹോദരങ്ങള്‍ മുന്‍കൈ എടുക്കുകയാണ്…
മതവും വിശ്വാസവും മുറുകെ പിടിക്കുമ്പോഴും സഹജീവി സ്‌നേഹത്തിന്റെയും കരുണയുടെയും മനോഹര ചിത്രം വരച്ചിടുകയാണവിടെ സിഖുകാര്‍…അരക്ഷിതാവസ്ഥയിലൂടെ കടന്നുപോവുന്ന ജനതയുടെ കൂടെ എന്നുമുള്ളവരാണവര്‍.. അത് പല തവണ തെളിഞ്ഞതുമാണ്.. ‘ഷഹീന്‍ ബാഗിലെ പോരാളികള്‍ക്ക് അന്നമൂട്ടാന്‍ വാഹിഗുരു എന്നോട് ആവശ്യപ്പെട്ടു. ഒട്ടും അമാന്തിച്ചില്ല. ഇവിടെ ഭക്ഷണശാല (ലങ്കര്‍) തുടങ്ങി. രാജ്യത്തിന്റെ സത്ത കാക്കാനായി പോരാടുന്നവര്‍ക്ക് സൗജന്യ ഭക്ഷണം’- പറഞ്ഞത് ഒരു മുസ്ലിമല്ല. തലപ്പാവണിഞ്ഞ സിഖ് യുവാവാണ്.
അഡ്വ. ഡി.എസ് ബിന്ദ്ര. നാള്‍ കുറച്ചായി ഈ ഭക്ഷശാല തുടങ്ങിയിട്ട്… ഇതിന്റെ വാര്‍ത്തകളും നേരത്തെ പുറത്തുവന്നതാണ്.. സിഖ്മത വിശ്വാസികളുടെ പാരമ്പര്യം അനുസരിച്ച് ഒരിക്കല്‍ ലങ്കര്‍ തുടങ്ങിയാല്‍ ഭക്ഷണം ആവശ്യമുള്ളവര്‍ ഉണ്ടെങ്കില്‍ അത് നല്‍കുകതന്നെ വേണം. അതിനെത്ര ചെലവ് വരുമെന്നത് ഈ പാരമ്പര്യത്തെ ബാധിക്കാന്‍ പാടില്ല. ഇതിനും ബിന്ദ്ര പരിഹാരം കണ്ടെത്തി. ഭക്ഷമ ശാല നടത്താനുള്ള ചെലവിലേക്കായി തന്‍രെ മൂന്ന് ഫ്‌ലാറ്റുകളില്‍ ഒന്ന് വിറ്റ് കളഞ്ഞു ഈ ചെറുപ്പക്കാരന്‍.
വിഭജനത്തിന്റെയും ഭിന്നിപ്പിന്റെയും വിഷവിത്തുകള്‍ എറിഞ്ഞ് ഈ നാട്ടിലെ സാഹോദര്യത്തെ തകര്‍ക്കാമെന്നും അങ്ങിനെ അതിനുമേല്‍ അധികാരത്തിന്റെ കോട്ട കെട്ടിപ്പടുക്കാമെന്നും വ്യമോഹിച്ചവര്‍ക്കുനേരെയുള്ള മുഖമടച്ച് അടിയാണ് ഈ കുഞ്ഞു ഭക്ഷണ ശാല. മതങ്ങള്‍ക്കും ജാതികള്‍ക്കും വംശങ്ങള്‍ക്കുമപ്പുറം ‘ ഇന്ത്യന്‍’ എന്ന വികാരത്തിനു കീഴില്‍ കെട്ടുറപ്പേറെയാണെന്ന് കാണിച്ചു കൊണ്ടിരിക്കുകയാണ് ഈ ജനത ഒരോനാളുകൂടുംതോറും. അങ്ങ് ഷഹീന്‍ബാഗ് തന്നെയാണ് ഈ സനേഹപ്പോരട്ടത്തിന്റെ ഉദാഹരണം.
നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന വല്ലാത്തൊരു അനിശ്ചിതാവസ്ഥയില്‍ പുറംലോകം ഏറെയൊന്നും കാണാത്ത, പുറംലോകവുമായി ഇടപഴകി ശീലമില്ലാത്ത കുറച്ച് മുസ്ലിം സ്ത്രീകള്‍ നടുറോഡിലേക്കിറങ്ങി. മുസ്ലിങ്ങളുടെ സമരമെന്ന മുദ്ര ചാര്‍ത്തി അരികുവല്‍ക്കരിക്കാന്‍ തല്‍പരകക്ഷികള്‍ കിണഞ്ഞു ശ്രമിച്ചിട്ടും വിജയിക്കാത്ത ഈ സമരത്തില്‍ ഇപ്പോള്‍ നാനാജാതി മതസ്ഥരുണ്ട്. പതിനായിരങ്ങളാണ് ഇവിടെ സമരം ചെയ്യുന്നത്. ഇക്കൂട്ടത്തിലെ സിഖ് സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. അഞ്ഞൂറിലേറ് സിഖ് കര്‍ഷകരാണ് കഴിഞ്ഞ ദിവസം സമരത്തിന് ഐക്യദാര്‍ഢ്യവുമായി പന്തലിലെത്തിയത്.
ഇങ്ങനെ യഥാര്‍ത്ഥ ദൈവവിശ്വാസമെന്തെന്ന്..യഥാര്‍ത്ഥ മതവിശ്വാസിയെങ്ങനെയായിരിക്കണമെന്നാണ് സിഖുകാര്‍ സംഘപരിവാറിനെ പഠിപ്പിക്കുന്നത്…മതത്തിന്റെ പേരില്‍ കൂട്ടക്കൊല നടത്തുന്ന സംഘപരിവാര്‍ ഒരു വശത്ത്..മതം നോക്കാതെ കണ്ണീരൊപ്പുന്ന സിഖ് ജനത മറ്റൊരു വശത്തു..ഇതാണ് ഇന്ന് ഡല്‍ഹയിലെ കാഴ്ച.. ഇന്ത്യക്കൊപ്പം…സംഘപരിവാറിന്റെ നരനായാട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം സിഖ് ജനത എന്നുമുണ്ടാവുമെന്ന് തെളിയുകയാണ്…മതത്തിന്റെ പേരില്‍ കൂടെയുള്ളവനെ കുരുതികൊടുക്കാന്‍ സിഖുകാര്‍ തയ്യാറല്ല എന്ന്..കൂടെയുള്ളവന്റെ നിലനില്‍പ്പ് തന്റെ നിലനില്‍പിന് തുല്യമാണെന്ന് പഠിപ്പിക്കുകയാണവര്‍..
