അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെക്കുറിച്ച് അനന്തരവൾ എഴുതിയ പുസ്തകത്തിന് റെക്കോർഡ് വിൽപ്പന. പുസ്തകം വിപണിയിലെത്തി ആദ്യദിനം തന്നെ വിറ്റുപോയത് 9.50 ലക്ഷം കോപ്പികളാണ്.
ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനെ തൻ്റെ കുടുംബം എങ്ങനെയാണ് സൃഷ്ടിച്ചതെന്നാണ് പുസ്തകം പറയുന്നത്. ട്രംപിൻ്റെ കുട്ടിക്കാലത്ത് അദ്ദേഹം പലതരത്തിലുള്ള പീഡനങ്ങൾക്കും ഇരയായിരുന്നു എന്നും ‘ടൂ മച്ച് ആൻഡ് നെവർ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേൾഡ്സ് മോസ്റ്റ് ഡെയ്ഞ്ചറസ് മാൻ’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
പ്രീ-സെയിൽസ്, ഇ-ബുക്കുകൾ, ഓഡിയോ ബുക്കുകൾ എന്നിവയുൾപ്പെടെ ചൊവ്വാഴ്ച, പുസ്തകം പ്രസിദ്ധീകരിച്ച ആദ്യദിനം 9,50,000 കോപ്പികൾ വിറ്റതായി പ്രസാധകരായ സൈമൺ ആൻഡ് ഷസ്റ്റെർ അറിയിച്ചു. രണ്ടാഴ്ചമുമ്പ് ട്രംപിനെക്കുറിച്ചുള്ള മറ്റൊരു പുസ്തകവും റെക്കോർഡ് വിൽപ്പന നടത്തിയിരുന്നു.
പിതാവ് ഫ്രെഡറിക് ട്രംപിൻ്റെ എസ്റ്റേറ്റുമായി ബന്ധപ്പെട്ട രഹസ്യ ഉടമ്പടി ലംഘിക്കുന്നുവെന്ന് ആരോപിച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാൻ ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് എസ്. ട്രംപ് കോടതിയെ സമീപിച്ച് അനുകൂല വിധി ആദ്യം നേടിയിരുന്നു. എന്നാൽ, വൈകാതെ കോടതിയിൽ നിന്നും തങ്ങൾക്ക് അനുകൂലമായ വിധി കരസ്ഥമാക്കാൻ പ്രസാധകർക്ക് കഴിഞ്ഞു. പ്രഖ്യാപിച്ചതിലും നേരത്തെ പുസ്തകം വിപണിയിലുമെത്തി.
