ട്രംപിൻ്റെ സന്ദർശനത്തിൽ കേന്ദ്രത്തിൻ്റെ അസാധാരണ നടപടികൾ; പ്രതിപക്ഷത്തെ കാണാൻ അനുവദിക്കില്ല

ട്രംപിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കാണിക്കുന്ന അസാധാരണ നടപടികൾ കണ്ടാൽ അമേരിക്കൻ പ്രസിഡൻ്റിന് മുന്നിൽ ഇന്ത്യയെ ഒന്നാകെ കെട്ടിപ്പടുത്തത് മോദിയാണെന്ന് കാട്ടാനുള്ള വെമ്പലുമായാണ് അവർ നിൽക്കുന്നതെന്ന് തോന്നും. ഇതുവരെ കേട്ടുകേൾവിയില്ലാത്ത നടപടികളാണ് ട്രംപിൻ്റെ വരവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.

യുഎസ് പ്രസിഡൻ്റിൻ്റെ സന്ദർശന വേളയിലെ ചർച്ചയിലേയ്ക്ക് ചരിത്രത്തിലാദ്യമായി പ്രതിപക്ഷ പ്രതിനിധി സംഘത്തെ ഇത്തവണ ക്ഷണിച്ചിട്ടില്ല. 24നു ഇന്ത്യയിലെത്തുന്ന ട്രംപുമായി ചർച്ചയ്ക്കു ക്ഷണം ലഭിച്ചിട്ടില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തി. രാഷ്ട്രപതി നൽകുന്ന ഔദ്യോഗിക വിരുന്നിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പങ്കെടുത്തേക്കും എന്നാണ് വിവരം.

കൂടാതെ രാജ്യത്തെ മറ്റു വികസന നടപടികളൊക്കെയും മോദി സർക്കാരിൻ്റെ ഭരണനേട്ടമായി ട്രംപിന് പരിചയപ്പെടുത്താനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും വിമർശനം ഉയരുകയാണ്.  സന്ദർശനത്തിനിടെ ഡൽഹിയിലെ സർക്കാർ സ്കൂളിൽ യുഎസ് പ്രഥമ വനിത പങ്കെടുക്കുന്ന പരിപാടിയിൽനിന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും പുറത്താക്കി എന്ന വാർത്തയും വരുന്നുണ്ട്.

അടുത്തയാഴ്ച സൗത്ത് ഡൽഹി സ്കൂളിലാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ് ‘ഹാപ്പിനസ് ക്ലാസ്’ കാണാനെത്തുന്നത്. പരിപാടിയുടെ ചാർട്ടിൽ കേജ്‍രിവാളിന്റെയും സിസോദിയയുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

കേജ്‍രിവാളും സിസോദിയയും ചേർന്നു മെലനിയയെ സ്വീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണു ഡൽഹിയിലെ സ്കൂളിൽ മെലനിയ വിശിഷ്ടാതിഥിയായി പങ്കെടുക്കുക. ഒരു മണിക്കൂറോളം സ്കൂളിൽ ചെലവിടുന്ന മെലനിയ വിദ്യാർഥികളുമായി സംവദിക്കും. സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടു വർഷം മുമ്പ് സിസോദിയയാണ് ‘ഹാപ്പിനസ് കരിക്കുലം’ അവതരിപ്പിച്ചത്. ധ്യാനം, കളി തുടങ്ങിയവയാണ് 40 മിനിറ്റുള്ള ക്ലാസിലുള്ളത്.

കേന്ദ്രത്തിൻ്റെ പല നടപടികളും വിചിത്രമാണെന്നാണ് വിമർശനം ഉയരുന്നത്. യുപിഎ ഭരണകാലത്ത് യുഎസ് പ്രസിഡൻ്റ് ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രതിപക്ഷത്തിനു ചർച്ചയ്ക്കു അവസരം നൽകിയിരുന്നു. ബറാക് ഒബാമ എത്തിയപ്പോൾ മൻമോഹൻ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം അദ്ദേഹത്തെ സന്ദർശിച്ചു ചർച്ച നടത്തി.

Vinkmag ad

Read Previous

ഇനി തല്‍ക്കാലം പൗരത്വനിയമം മിണ്ടേണ്ടെന്ന് ആര്‍എസ്എസ്; ബിഹാര്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ തന്ത്രം !

Read Next

മോദി സർക്കാരിനെ വിമർശിക്കുന്ന പ്രമേയം പാസാക്കി മിസോറാം; ബിജെപി സഖ്യകക്ഷിയുടെ പിന്തുണ കോൺഗ്രസിന്

Leave a Reply

Most Popular