കോവിഡ് പ്രതിരോധത്തിനുള്ള മരുന്നിന്റെ കയറ്റുമതി നിരോധനം ഭാഗികമായി പിന്‍വലിച്ച് ഇന്ത്യ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് നിരോധനത്തിന് ഇളവ് വരുത്തിയിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിരോധനമാണ് ഭാഗികമായി പിന്‍വലിച്ചിരിക്കുന്നത്.
കോവിഡ് 19 അതിരൂക്ഷമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്. മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ആണ് കോവിഡ് പ്രതിരോധത്തിനു നിലവിൽ പല രാജ്യങ്ങളും ഉപയോഗിക്കുന്നത്.
‘മഹാമാരിയുടെ പശ്ചാത്തലത്തിൽ മാനുഷികതലം പരിഗണിച്ച്, പാരസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കു മതിയായ അളവിൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അവശ്യ മരുന്നുകളായ ഇവ കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങൾക്കും നൽകും. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയവൽക്കരണത്തെയും ഗൂഢസിദ്ധാന്തം ചമയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല.’– വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഡിജിഎഫ്ടി ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഹൈഡ്രോക്സിക്ലോറോക്വിന്‍ യുഎസിനു നൽകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
