ന്യൂഡല്‍ഹി :അയോധ്യയില്‍ ബാബ്റി മസ്ജിദ് തര്‍ക്ക ഭൂമി കേസില്‍ സു്ര്രപീം കോടതി വിധിയില്‍ പ്രതികരണവുമായി മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍കണ്ഡേയ കട്ജു.
ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയുന്നു, നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുക. സത്യസന്ധമായി പറയട്ടെ സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല എന്നായിരുന്നു കട്ജുവിന്റെ പ്രതികരണം. ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യത്തില്‍ തന്റെ പ്രതികരണം അറിയിച്ചത്.
തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം. മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.
എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.
അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.
