ജമ്മു കശ്മീരിൽ 370-ാം വകുപ്പ് പുനഃസ്ഥാപിച്ച് സുപ്രീംകോടതി നീതി നടപ്പാക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മാസങ്ങളോളം വീട്ടുതടങ്കലിലായ ഫാരൂഖ് അബ്ദുള്ള പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ ഇൻ്റർവ്യൂവിലാണ് തൻ്റെ നിലപാട് അറിയിച്ചത്.
ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു. ജനാധിപത്യപരമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് ഈ മാറ്റങ്ങള്‍ക്കെതിരെ തൻ്റെ പാര്‍ട്ടി പോരാടും. ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുമ്പോൾ ജമ്മു കശ്മീര്‍ ജനത അര്‍പ്പിച്ച വിശ്വാസത്തെ വഞ്ചിക്കുന്നതാണ് ഈ മാറ്റങ്ങള്‍. ബലപ്രയോഗത്തിലൂടെ ഞങ്ങള്‍ക്കുമേല്‍ നടപ്പാക്കിയ മാറ്റങ്ങള്‍ അംഗീകരിക്കില്ല. തോക്ക് ഉള്‍പ്പെടെ ജനാധിപത്യപരമല്ലാത്ത മാര്‍ഗങ്ങള്‍ തങ്ങള്‍ ഉപയോഗിച്ചിട്ടില്ല. മുഖ്യധാര ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ ജനാധിപത്യ മാര്‍ഗങ്ങളാണ് തങ്ങളുടേതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
370ാം വകുപ്പ് റദ്ദാക്കിയാല്‍ ജമ്മുവും കശ്മീരും അഭിവൃദ്ധിപ്പെടുമെന്നും തീവ്രവാദം ഇല്ലാതാവുമെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍, തീവ്രവാദം വര്‍ധിച്ചു. വികസനമുണ്ടായതുമില്ല. ഫലത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്നത് നഷ്ടമായി -അദ്ദേഹം പറഞ്ഞു.
