ജർമൻ കമ്പനിയുടെ കൊവിഡ് വാക്സിന്റെ മനുഷ്യരിലുള്ള ആദ്യ ഘട്ട പരീക്ഷണം ചൈനയിൽ ആരംഭിച്ചു. ജർമൻ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പായ ബോയൺടെക്, ചൈനീസ് കമ്പനിയായ ഫോസുൻ ഫാർമയുമായി ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്.
ചൈനീസ് അധികൃതരുടെ അംഗീകാരം ലഭിച്ചതോടെ 72 വോളന്റിയർമാരിൽ വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ‘BNT162b1’ എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ ബോയൺടെക് കമ്പനിയുടെ എം.ആർ.എൻ.എ ടെക്നോളജിയിലൂടെ വികസിപ്പിക്കുന്ന നാല് വാക്സിനുകളിൽ ഒന്നാണ്.
ആകെ 144 പേരാണ് വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിൽ പങ്കെടുക്കുക. 21 ദിവസത്തെ വ്യത്യാസത്തിൽ 2 ഡോസുകൾ വീതം നൽകും. 18 മുതൽ 85 വരെ പ്രായമുള്ളവരാണ് ആദ്യ ഘട്ടത്തിൽ പരീക്ഷണത്തിന് വിധേയമാകുന്നത്. ബയോൺടെകും അമേരിക്കൻ കമ്പനിയായ ഫൈസറും ചേർന്ന് നിർമിച്ച ‘BNT162b2’ എന്ന വാക്സിന്റെ മനുഷ്യരിലുള്ള മൂന്നാം ഘട്ട പരീക്ഷണം ജൂലായ് 27ന് തുടങ്ങിയിരുന്നു.
നിലവിൽ 200 ഓളം വാക്സിനുകളാണ് കൊവിഡ് 19നെ പിടിച്ചുകെട്ടുന്നതിനായി ലോകത്തിന്റെ പല ഭാഗത്തായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ രണ്ട് ഡസനോളം വാക്സിനുകൾ മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലുകളിലാണ്.
നിരവധി ചൈനീസ് കമ്പനികളാണ് വാക്സിൻ ഗവേഷണത്തിൽ മുൻനിരയിലുള്ളത്. അതേ സമയം, റഷ്യയാകട്ടെ തങ്ങളുടെ വാക്സിൻ ഓഗസ്‌റ്റിൽ തന്നെ പുറത്തിറക്കുമെന്നാണ് പറയുന്നത്. യു.എസ് കമ്പനിയായ മോഡേണ, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ബയോൺടെക് – ഫൈസർ എന്നിവരുടെ വാക്സിനുകൾ മനുഷ്യരിലുള്ള അവസാനഘട്ട പരീക്ഷണങ്ങളിലാണ്.
