കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ഭോപാലിൽ കനത്ത പ്രതിഷേധം. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി തുടക്കത്തിലേ സ്വരച്ചേർച്ചയില്ലാതിരുന്ന സിന്ധ്യ പൊടുന്നനെയാണ് പാർട്ടിവിട്ടത്.
സിന്ധ്യക്കൊപ്പം 22 എംഎൽഎമാരാണ് എംഎൽഎ സ്ഥാനം രാജിവച്ചത്. കോൺഗ്രസ് ഭരണം തന്നെ അവസാനിപ്പിക്കുന്ന സ്ഥിതിയാണ് മധ്യപ്രദേശിലുള്ളത്. കോൺഗ്രസിനകത്ത് സിന്ധ്യക്കെതിരായി കടുത്ത പ്രതിഷേധമാണ് ഉള്ളത്.
കഴിഞ്ഞ ദിവസം ബിജെപി നേതാവ് ശിവരാജ് സിംങ് ചൌഹാനെ സന്ദർശിക്കാൻ ഭോപാലിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ കടുത്ത പ്രതിഷേധത്തിനാണ് ഇരയായത്. രാജ്യസഭ സ്ഥാനാർത്ഥിയായി പത്രിക സമർപ്പിക്കാൻ എത്തിയതായിരുന്നു സിന്ധ്യ.
ഭോപ്പാല്‍ വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് വലിയ തോതിലുള്ള പ്രതിഷേധം നേരിടേണ്ടി വന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സിന്ധ്യക്ക് നേരെ പാതയില്‍ കാത്തുനിന്ന ഒരു സംഘം മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി വീശുകയും ചെയ്തു. നഗരത്തിലെ കമല പാര്‍ക്കിന് സമീപത്ത് വെച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിന്ധ്യക്കെതിരെ പ്രതിഷേധം നടത്തിയത് പാര്‍ട്ടി നേതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിനെ വഞ്ചിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നെന്ന് എംപിസിസി സെക്രട്ടറി അബ്ദുള്‍ നഫീസ് പറഞ്ഞു. ” സിന്ധ്യക്ക് നേരെ കരിങ്കൊടി വിശീയതിന് പുറമെ അദ്ദേഹത്തിന്‍റെ വാഹന വ്യൂഹത്തിലെ ഒരു വാഹനത്തിനുമേല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു’- അദ്ദേഹം പറഞ്ഞു.
ഒരു ജനകീയ നേതാവാകാൻ കഴിയാതിരുന്ന സിന്ധ്യ രാജകുടുംബാംഗം എന്ന നിലയിലാണ് ഗുണ ലോക്സഭയിൽ നിന്നും ജയിച്ചുവന്നിരുന്നത്. അവിടെയും ഇത്തവണ ബിജെപിയോട് ലക്ഷത്തിൽപ്പരം വോട്ടിൻ്റെ തോൽവി ഏറ്റുവാങ്ങിയ സിന്ധ്യ ഇപ്പോൾ ആരും കൂടെയില്ലാത്ത അവസ്ഥയിലാണ്.
