കേരള കോൺഗ്രസിൽ നിന്നും ജോസ് പക്ഷത്തെ മാറ്റിനിർത്തിയ സന്ദർഭം മുതലെടുക്കാൻ എൽഡിഎഫ് എൻഡിഎ മുന്നണികൾ ശ്രമം നടത്തുന്നുണ്ട്. എൽഡിഎഫ് ഈ ഇടപെടലിൽ ഒരുപടി മുന്നിലാണ്. എന്നാൽ ഉടൻ ഇടതുപക്ഷത്തേക്കില്ലെന്ന സൂചനയാണ് ജോസ് പക്ഷം നൽകുന്നത്.
മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നു ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ് അടിത്തറയുള്ള പാർട്ടിയാണ്. ജനസ്വാധീനമുണ്ട്. തൽക്കാലം ഒറ്റയ്ക്കു നിൽക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. എൽഡിഎഫ് ക്ഷണം സംബന്ധിച്ച് പാലായിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ എൽഡിഎഫിനകത്തും വ്യത്യസ്ത ചർച്ചകൾ ഉയരുന്നുണ്ട്. ജോസ് പക്ഷത്തിന് ഇടത് മുന്നണി പ്രവേശനമുണ്ടായാലും പാലാ സീറ്റ് എൻസിപിക്കുള്ളതാണെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. അത് വിട്ടുനൽകണമെന്ന് ഇടത് മുന്നണി ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജോസ് കെ.മാണിയുടെ പാർട്ടിയെ എൽഡിഎഫിൽ എടുക്കുന്നതു സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ. എൽഡിഎഫ് ചർച്ച ചെയ്ത് അഭിപ്രായം രൂപീകരിച്ച ശേഷമേ അക്കാര്യം പറയാൻ പറ്റൂ. ജോസ് വിഭാഗവും നിലപാട് വ്യക്തമാക്കണം.
ജോസ് കെ.മാണി എൽഡിഎഫിനെ സമീപിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, എൽഡിഎഫിനെ സമീപിച്ചതായി അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ലെന്നു വിജയരാഘവൻ പറഞ്ഞു. ചർച്ച ചെയ്യാതെ എൽഡിഎഫ് വിപുലീകരണത്തെപ്പറ്റി മുൻകൂട്ടി പറയാൻ കഴിയില്ല. രൂപപ്പെടുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി എൽഡിഎഫ് തീരുമാനമെടുക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
