ഡൽഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല കാംപസിലെ റോഡിന് ഗാന്ധിവധത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഹിന്ദുത്വ ആചാര്യന്‍ വി ഡി സവര്‍ക്കറുടെ പേര് നല്‍കിയ നടപടിക്ക് ചുട്ട മറുപടി. ബോര്‍ഡിലെ വിഡി സവര്‍ക്കര്‍ മാര്‍ഗ് എന്നുള്ള പേര് മായ്ച് ബിആര്‍ അംബേദ്കര്‍ മാര്‍ഗ് എന്നെഴുതിചേര്‍ത്തു.
നേരത്തെ, സവർക്കറുടെ പേര് നൽകുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ഒരു പേരും ഇല്ലാതിരുന്ന റോഡിനാണ് ഒറ്റ രാത്രികൊണ്ട് സവർക്കർ റോഡാക്കി മാറ്റിയത്. യൂനിവേഴ്‌സിറ്റി കാംപസില്‍ നിന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലേക്കുള്ള റോഡിലാണ് ഇത്തരത്തിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിൽ ക്യാംപസിനുള്ളിലെ പുതിയ റോഡിനു സവര്‍ക്കര്‍ മാര്‍ഗ് എന്നു പേര് നല്‍കാന്‍ തീരുമാനിച്ചിരുന്നു എന്നാണ് പറയുന്നത്. വി ഡി സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് രംഗത്തെത്തിയിരുന്നു.
ഗാന്ധിവധത്തിൽ കുറ്റവാളിയാക്കപ്പെട്ട സവര്‍ക്കരുടെ പേര് യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ത്തിയതോടെ ജെഎന്‍യുവിന്റെ പാരമ്പര്യത്തിന് കളങ്കമേറ്റെന്നും സവര്‍ക്കര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഐഷി അഭിപ്രായപ്പെട്ടിരുന്നു.
