ജാതി വിവേചനത്തെ തുടര്‍ന്ന് ഈഴവ സമുദായംഗമായ ബിജെപി പ്രാദേശിക നേതാവ്
പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്ററ് ചേക്കുളം പാറക്കാലായില്‍ പി എ സന്തോഷ് കുമാറാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പെടെ രാജി വച്ചതായി നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നിവര്‍ക്ക് രാജിക്കത്ത് നല്‍കിയത്.
കഴിഞ്ഞ 17 വര്‍ഷമായി ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. ചേക്കുളം ബൂത്ത് പ്രസിഡന്റ്, കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2017 മുതല്‍ കോഴഞ്ചേരിയില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. എസ്എന്‍ഡിപി സമുദായംഗമായ ഇദ്ദേഹം സ്ഥാനമേറ്റതുമുതല്‍ സവര്‍ണവിഭാഗം ജാതീയമായ വേര്‍തിരിവ് കാണിച്ചു തുടങ്ങിയിരുന്നുവെന്നാണ് ആരോപണം. കാര്‍പെന്ററായ ഇദ്ദേഹം ജോലി പോലും ഉപേക്ഷിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.
എക്‌സിക്യൂട്ടീവ്കമ്മിറ്റികളില്‍ പോലും വിവിധ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മറ്റ് രാഷ്ട്രീയ കക്ഷികളെ അറിയിച്ച് ഒറ്റുകൊടുക്കാന്‍ ശ്രമിച്ചതായും കുതികാല്‍വെട്ട് നടത്തിയതായും രാജിക്കത്തില്‍ സന്തോഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ മറവില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. ഈ കള്ളത്തരങ്ങളെ അംഗീകരിക്കാത്തതും സവര്‍ണമേലാളന്‍മാരുടെ എതിര്‍പ്പിന് കാരണമാണെന്നും സന്തോഷ് രാജിക്കത്തില്‍ പറയുന്നു. ഈഴവാംഗമായ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെതിരെയും സോഷ്യല്‍ മീഡിയിയില്‍ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ തന്നെ അധിക്ഷേപവുമായി രംഗത്തെത്തിയത് വിവാദമായിരുന്നു.
