ഡല്‍ഹി കലാപത്തിൽ ബിജെപി നേതാക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ഉത്തരവിട്ട ജസ്റ്റിസ് മുരളീധറിന് ഡൽഹി ഹൈക്കോടതിയിൽ ലഭിച്ചത് ഇതുവരെ ഒരു ജഡ്ജിനും ലഭിക്കാത്ത തരത്തിലുള്ള യാത്രയയപ്പ്.
ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ നേരത്തെ തന്നെ വലിയ പ്രതിഷേധം ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകർക്കിടയിൽ ഉണ്ടായിരുന്നു. അത്രമേൽ അഭിഭാഷകർക്ക് പ്രിയപ്പെട്ട ന്യായാധിപനായിരുന്നു ജസ്റ്റിസ് മുരളീധർ.
ബാര്‍ അസോസിയേഷന്റെ വക ഊഷ്മള യാത്രയയപ്പ് ചരിത്രത്തിൽ ഇല്ലാത്തത്ര വിപുലമായിരുന്ന. ഇത്രയും അഭിഭാഷകർ ഒന്നിച്ച് പങ്കെടുത്ത മറ്റൊരു പരിപാടി വേറെ ഉണ്ടാകില്ലെന്നാണ് അഭിഭാഷകർ തന്നെ അഭിപ്രായപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എസ്. മുരളീധറിന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കിയത്.
തന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തും അനുഭവങ്ങള്‍ പങ്കുവച്ചുമായിരുന്നു ചടങ്ങിലെ മുരളീധറിന്റെ പ്രസംഗം. സത്യത്തോടൊപ്പം നില്‍ക്കുക, നീതി നടപ്പിലാവും എന്ന വാചകത്തോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
കഴിഞ്ഞ 26ന് അര്‍ധരാത്രിയിലാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തിയതിന് മൂന്നു ബി.ജെ.പി നേതാക്കള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി പോലിസിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് നടപടി.
