ഡല്‍ഹിയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചുവെന്ന് ഭരണകൂടം ആവര്‍ത്തിക്കുമ്പോഴും ഡല്‍ഹിയില്‍ നിന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതാണ്. തെക്ക് – പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ സെക്ടര്‍ 11 ലെ ഷാജഹാനാബാദ് അപ്പാര്‍ട്ട്മെന്റിന് സമീപമുള്ള മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ദി ക്വിന്റാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായതെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നുവെന്ന് ഷാജഹാനാബാദ് അപ്പാര്‍ട്ട്മെന്റ് നിവാസി സാദ് മജീദ് ദി ക്വിന്റിനോട് പറഞ്ഞു.
ഈ സമയത്ത് രണ്ടു പേര്‍ പള്ളിയിലുണ്ടായിരുന്നു. ഇമാം റാഷിദും ഇമാം അബ്ദുല്‍ മന്നനുമാണ് പള്ളിയില്‍ ഉണ്ടായിരുന്നത്. കല്ലെറിഞ്ഞ ശേഷം അക്രമികള്‍ ”ജയ് ശ്രീ റാം” എന്ന് ആക്രോശിച്ചതായി ഇരുവരും പറഞ്ഞു. കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ദ്വാരക എ.സി.പി രാജീന്ദര്‍ സിങ് ക്വിന്റിനോട് പറഞ്ഞു. എന്നാല്‍ സംഭവത്തിന്റെ ഗൌരവം കുറച്ചുകാണിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും തകര്‍ന്ന ഗ്ലാസുകള്‍ വെള്ളിയാഴ്ച രാവിലെ തന്നെ ശരിയാക്കാന്‍ ശ്രമിച്ചുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്‌കാരത്തിനുശേഷം മാത്രമേ ഇത് ചെയ്യാവൂ എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
സി.എ.എ പ്രതിഷേധത്തിനെതിരെ സംഘപരിവാര്‍ നടത്തിയ കലാപത്തില്‍ ഇതിനോടകം 42 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. കലാപത്തിനിടെ നിരവധി പള്ളികള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത്.
