വ്യാജവാര്‍ത്ത നല്‍കിയ ജന്മഭൂമി പത്രത്തിനെതിരെ മുന്‍ എംപി എ സമ്പത്ത് പരാതി നല്‍കി. ഡി.ജി.പി ക്കാണ് പരാതി നല്‍കിയത്. ‘എ. സമ്പത്തും വിളിച്ചു; ജോണ്‍ ബ്രിട്ടാസിനെയും എം സി ദത്തനേയും ചോദ്യം ചെയ്യും’ എന്ന തലക്കെട്ടോടു കൂടി ഇക്കഴിഞ്ഞ പത്താം തിയ്യതി ജന്മഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെയാണ് മുന്‍ എം.പി സമ്പത്ത് പരാതി നല്‍കിയത്.
കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന കാര്‍ഗോ ബാഗ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ മുന്‍ എം.പി സമ്പത്ത് വിളിച്ചിരുന്നെന്നും ഇടപെടല്‍ എന്തിനാണെന്ന് സമ്പത്തിന് വിശദീകരിക്കേണ്ടി വരുമെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്തക്കൊപ്പം എ സമ്പത്തിന്റെ ഫോട്ടോയും ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ജന്മഭൂമിയുടെ നടപടി കേരള പൊലീസ് ആക്ട് 120(0) പ്രകാരം ശിക്ഷാര്‍ഹമാണെന്ന് എ സമ്പത്ത് പരാതിയില്‍ പറയുന്നു.
വാര്‍ത്ത വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവും മനപൂര്‍വം തേജോവധം ചെയ്യുന്നതിനും ആക്ഷേപിക്കാനും അപമാനം വരുത്തി അപകീര്‍ത്തിയുണ്ടാക്കിയതുമാണെന്നും നിയമനടപടികള്‍ സ്വീകരിക്കണമെന്നും എ. സമ്പത്ത് ആവശ്യപ്പെട്ടു. മുന്‍ എം.പിയായ എ സമ്പത്ത് നിലവില്‍ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാണ്.
