ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി നിയന്ത്രണാതീതമായി പടരുകയാണ് കോവിഡ് 19 വൈറസ്. വൈറസ് വ്യാപനം ചെറുക്കാനുള്ള പ്രധാനമാർഗ്ഗമാണ് സാമൂഹിക അകലം പാലിക്കൽ. ഇതിൻ്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം രാജ്യം ജനത കർഫ്യൂ ആചരിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകർക്കുള്ള ബഹുമാന സൂചകമായി പാത്രം കൊട്ടിയോ കൈകൊട്ടിയോ ശബ്ദമുണ്ടാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.
എന്നാൽ പല തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കാണ് ഈ നിർദ്ദേശം വഴിവച്ചത്. വൈറസിൻ്റ ആയുസ്സ് 12 മണിക്കൂർ മാത്രമാണെന്നും അതിനാൽ 14 മണിക്കൂർ പുറത്തിറങ്ങാതിരുന്നാൽ വൈറസെല്ലാം ചത്തുപോകുമെന്നുവരെ വ്യാജ വാർത്തകൾ പ്രചരിച്ചു. കൂടാതെ പാത്രം കൊട്ടി ശബ്ദമുണ്ടാക്കിയാൽ വൈറസ് നശിക്കുമെന്ന മണ്ടത്തരവും പ്രചരിച്ചു.
ഈ പ്രചാരണങ്ങളുടെ ബാക്കിയായി കർഫ്യൂ സമയത്ത് ജനങ്ങൾ പാത്രങ്ങളുമായി തെരുവിലറങ്ങി കൂട്ടത്തോടെ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. എന്ത് സംഭവിക്കരുതെന്ന് കരുതി കർഫ്യൂ പ്രഖ്യാപിച്ചുവോ അതെല്ലാം കർഫ്യൂവിൻ്റെ ഭാഗമായി സംഭവിച്ചതായാണ് കാണാനാകുന്നത്.
‘സാമൂഹിക അകലം’ അകലം പാലിക്കണമെന്നും വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞുകഴിഞ്ഞ സാഹചര്യത്തിലാണ് പലരും കൂട്ടംകൂടി ആഘോഷിച്ചതെന്നതാണ് വിരോധാഭാസം. നിരവധി പേർ ഇങ്ങനെ പ്രവർത്തിക്കുന്നതിന്റെ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കാണാൻ സാധിക്കും.
ഈ വീഡിയോകൾ കണ്ട അനേകം ആൾക്കാർ അപകടകരമായ ഈ പ്രവണതയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ‘സോഷ്യൽ ഡിസ്റ്റൻസിംഗ്’ എന്നതുകൊണ്ട് ഇതാണോ ഉദ്ദേശിക്കുന്നത് എന്നാണ് ഇവർ പരിഹാസരൂപേണ ചോദിക്കുന്നത്. പലയിടത്തും പോലീസ് ഉദ്യോഗസ്ഥരും ആൾക്കൂട്ടത്തിനൊപ്പം ചേർന്നു.
രോഗം അതിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ആരോഗ്യ വിദഗ്ദർ നിരന്തരം മുന്നറിയിപ്പുകൾ തന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഒരു കൂട്ടം ആൾക്കാർ ഇങ്ങനെ പെരുമാറുന്നതെന്നത് നിർഭാഗ്യകരമാണ്. രാജ്യത്ത് ഇതുവരെ കൊറോണ രോഗം ബാധിച്ചത് ഏകദേശം 400ന് അടുത്താണ് പേരെയാണ്. രോഗം മൂലം രാജ്യത്ത് ഏഴുപേർ മരണമടയുകയും ചെയ്തിരുന്നു.
