റിപ്പബ്ലിക് ചാനൽ മേധാവി അർണാബ് ഗോസ്വാമിയെക്കുറിച്ച് ധാരാളം പേർ വിമർനങ്ങളുമായി രംഗത്തെത്താറുണ്ട്. ചർച്ചകളിൽ പങ്കെടുക്കുന്നവരെ അങ്ങേയറ്റം അധിക്ഷേപിക്കുകയും തങ്ങളുടെ ഭാഗം പറയാൻ അവസരം കൊടുക്കാതിരിക്കുകയും ചെയ്യുന്ന അവതാരകനെന്നതാണ് പ്രധാന വിമർശനം.
ഇത്തരത്തിൽ അവസരം നിഷേധിച്ച അർണാബിന് വലിയൊരു പണി കൊടുത്തിരിക്കുകയാണ് പ്രമുഖ തെന്നിന്ത്യൻ നടി കസ്തൂരി. ലൈവ് ചർച്ചക്കിടെ ഭക്ഷണം കഴിച്ചാണ് നടി പ്രതിഷേധിച്ചത്. അർണാബ് സ്വരമുയർത്തി ചർച്ച നയിക്കുമ്പോൾ കസ്തൂരി സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതാണ് പ്രേക്ഷകർ കണ്ടത്.
കഴിഞ്ഞ ദിവസത്തെ ചർച്ചയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കസ്തൂരിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച് അടക്കം ആളുകൾ രംഗത്തെത്തിയതോടെ കസ്തൂരിയും പ്രതികരിച്ചു. ചർച്ചയിൽ തനിക്ക് സംസാരിക്കാൻ അവസരം തരാത്തതിനാലാണ് ഭക്ഷണം കഴിച്ചതെന്ന് കസ്തൂരി വ്യക്തമാക്കി.
‘60 മിനിറ്റോളം ഞാൻ അർണബിന്‍റെ ഹൈപ്പർമോഡ് കണ്ടിരിക്കുകയായിരുന്നു. എന്തായാലും അദ്ദേഹം എന്നെ സംസാരിക്കാൻ അനുവദിക്കില്ലായിരുന്നു. അതോടെ ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി. പക്ഷേ സ്കൈപ് ഓഫ് ചെയ്യാൻ മറന്നുപോയി. ഈ കുഴപ്പത്തിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും കുറ്റപ്പെടുത്താനോ ധിക്കരിക്കാനോ ഉദ്ദേശിച്ചിട്ടില്ല’ -ട്വിറ്ററിൽ കസ്തൂരി പ്രതികരിച്ചു.
