ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ ചോദ്യമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനീസ് സൈനികർ ഇന്ത്യയിൽ പ്രവേശിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ചൈനീസ് സൈനികരുടെ ഒരു വലിയ സംഘം തന്നെ കിഴക്കന്‍ ലഡാക്ക് ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും, ഇന്ത്യ നിലവിലെ സാഹചര്യം നേരിടാനാവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.
ലഡാക്കിലേക്ക് ചൈനീസ് പട്ടാളം എത്തിയെന്നും നയന്ത്രണ രേഖ കടന്നും അവർ നിലയുറപ്പിച്ചെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സ്ഥിരീകരിച്ചിരുന്നു. സി.എൻ.എൻ – ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്.
5,000-ലേറെ പി.എൽ.എ സൈനികർ പാങ്കോങ്, ഗൽവാൻ പ്രദേശങ്ങളിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ മണ്ണിൽ സ്ഥാനമുറപ്പിച്ചുവെന്ന ആരോപണമുയർന്ന് ആഴ്ചകൾക്കു ശേഷമാണ് ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്. എന്നാൽ, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ എന്തൊക്കെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
