ചൈന അതിർത്തിയിൽ നടത്തുന്ന അതിക്രമങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വലയുകയാണ് മോദി സർക്കാർ. പതിനെട്ടടവും പറ്റിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ വലിയ സുഹൃത്തായി വാഴ്ത്തിയിരുന്ന ചൈന ഒരിഞ്ച് പിന്നോട്ട് പോകാൻ തയ്യാറായിട്ടില്ല.
ചൈനീസ് സൈന്യം ഇപ്പോൾ ലഡാക് അതിർത്തിയിൽ പുതിയ പാത നിർമ്മിക്കുകയും സൈനീക ബാരക്കേടുകൾ കെട്ടുകയും ചെയ്യുകയാണ്. രാജ്യത്തിൻ്റെ ഭൂമിക്കുമുകളിൽ ഇപ്പോഴും ചൈനയുടെ സൈനീകർ നിലയുറപ്പിച്ചിരിക്കുന്നതായാണ് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ഇതിനിടയിലും തൻ്റെ വീരവദത്തിനും പ്രഘോഷണങ്ങൾക്കും മോദി അവധി നൽകിയിട്ടില്ല. ഏറ്റവും അവസാനം ഇന്നത്തെ ‘മൻ കി ബാത്ത്’ പരിപാടിയിലായിരുന്നു മോദിയുടെ വാക്കുകൾ കൊണ്ടുള്ള കസർത്ത് കണ്ടത്.
ഒരേസമയം രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്നതായും ഈ വെല്ലുവിളികളെ രാജ്യം സധൈര്യം നേരിടുമെന്ന് മോദി പറഞ്ഞു. അതിര്‍ത്തി കാക്കാന്‍ രാജ്യം പ്രതിജ്ഞാ ബദ്ധമാണെന്നും പ്രകോപനങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്നറിയാമെന്നും പ്രഖ്യാപിക്കുകയാണ് മോദി ചെയ്തത്.
എന്നാൽ അതിർത്തി പ്രശ്നത്തിൽ കാര്യമായ പരിഹാര മാർഗ്ഗങ്ങളൊന്നും നിശ്ചയിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ആകെക്കൂടി പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങല്‍ രാജ്യസേവനമാണെന്ന് പ്രഖ്യാപിക്കുക മാത്രമാണ് മോദി ചെയ്തത്.
