ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കോവിഡ്-19 വൈറസ് അതിൻ്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും പിൻവാങ്ങുകയാണ്. ചൈനയിലെ വുഹാനിൽ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ വുഹാനിലടക്കം ചൈനയിലാകെ രോഗം നിയന്ത്രണവിധേയം ആകുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൈന അപകടഘട്ടം പിന്നിട്ടതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചൈനയിൽ 80,796 പേർക്ക് രോഗം ബാധിക്കുകയും 3169 പേർ മരിക്കുകയും ചെയ്തിരുന്നു. പക്ഷെ സമീപ ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതായി ചൈനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ചൈനയുടെ ആരോഗ്യ മേഖലയെയും സാമ്പത്തിക വ്യവസ്ഥയെയും വൈറസ് പാടെ തകർത്തിരുന്നു. കോവിഡ് ബാധിതരെ ചികിത്സിക്കാനായി നിർമ്മിച്ച 16 ആശുപത്രികളുടെ പ്രവർത്തനം ചൈന അവസാനിപ്പിച്ചു. രോഗബാധിതരുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുത്താണ് ആശുപത്രികൾ അടച്ചത്.
ഫെബ്രുവരി ഒമ്പതിന് മാത്രം ചൈനയിൽ റിപ്പോർട്ട് ചെയ്തത് 1921 പുതിയ കോവിഡ് കേസുകളായിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കുറിനിടെ 18 പുതിയ കേസുകൾ മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്‌തത്.
ചൈനയിൽ വൈറസ് വ്യാപനത്തിന് കുറവുണ്ടെങ്കിലും മറ്റ് ലോകരാജ്യങ്ങളിൽ അപകടകരമാം വിധമാണ് വൈറസ് വ്യാപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന കോവിഡ്-19 വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചത്.
ഇറ്റലിയിൽ കൊറോണവൈറസ് രോഗികളുടെ എണ്ണം അതിവേഗം ഉയരുകയാണ്. ചൈനയിലെ പോലെ ജനങ്ങളെ നിയന്ത്രിക്കുന്നതില്‍ സർക്കാർ ആദ്യം തന്നെ പരാജയപ്പെട്ടു. ഇപ്പോൾ സോഷ്യൽമീഡിയ വഴി കഴിയുന്നത്ര ക്യാംപയിനുകൾ നടത്തുന്നുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ‘ഞാൻ വീട്ടിൽ തന്നെ ഇരിക്കും’ #IStayHome എന്ന ഹാഷ്ടാഗുമായി ഇറ്റലിക്കാർ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.
ഇറ്റലിയിലെ കലാകാരന്മാരും ഡോക്ടർമാരും രാഷ്ട്രീയക്കാരും പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാരിൻ്റെ കടുത്ത നടപടികൾക്ക് പിന്നിൽ അണിനിരക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന വലിയൊരു ദുരത്തെ നേരിടാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അനുയായികളോട് ആഹ്വാനം ചെയ്യുന്നു.
